തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതാണ് നിയന്ത്രണത്തിന് പ്രധാന കാരണം.എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞതും ചൂട് തുടരുന്നതും വൈദ്യുതി ഉപയോഗത്തിൽ വർധനവിന് കാരണമായി. ഇതിന് പുറമെ രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായതായി കെഎസ്ഇബി വ്യക്തമാക്കി.

മഴ തുടരാത്ത സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണി മുതൽ രാത്രി 12 മണിവരെ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നും സമാനമായ രീതിയിൽ നിയന്ത്രണം തുടരാനാണ് സാധ്യത.
