Wednesday, July 15, 2026

വിപണിയിൽ ഉണർവ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റിയും നേട്ടത്തിൽ

മുംബൈ:ആഗോള വിപണികളിലെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും തിരിച്ചുവരവ്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സ് 500ലധികം പോയിന്റ് ഉയർന്നു. നിലവിൽ സെൻസെക്‌സ് 77,500ന് മുകളിലും നിഫ്റ്റി 24,200 എന്ന നിർണായക നിലവാരത്തിന് മുകളിലുമാണ് വ്യാപാരം നടത്തുന്നത്.

അമേരിക്കയിലെ വിലക്കയറ്റ സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നുണ്ടായ വിപണി ഉണർവാണ് ആഗോള ഓഹരി വിപണികൾക്ക് കരുത്തായത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ അമേരിക്കൻ കേന്ദ്രബാങ്ക് ഉടൻ പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചത്.

അമേരിക്കയിലെ പലിശനിരക്ക് ഉയർന്നാൽ ഡോളർ കൂടുതൽ ശക്തിപ്പെടാനും ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപ ഒഴുക്ക് വർധിക്കാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ആശങ്കകൾ താൽക്കാലികമായി കുറഞ്ഞത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 85.47 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എണ്ണവിലയിലെ സമ്മർദ്ദം തുടരുന്നുണ്ടെങ്കിലും അമേരിക്കയിലെ പണപ്പെരുപ്പ ഭീഷണി കുറഞ്ഞത് വിപണികൾക്ക് ആശ്വാസമായി.

ഇന്ത്യൻ വിപണിയിൽ ബാങ്കിങ്, ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ മുന്നേറ്റം രേഖപ്പെടുത്തി.ആഗോള സാമ്പത്തിക സൂചനകളും എണ്ണവിലയിലെ മാറ്റങ്ങളും വിദേശ നിക്ഷേപകരുടെ നീക്കങ്ങളും വരും ദിവസങ്ങളിൽ വിപണിയുടെ ഗതിയെ നിർണയിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!