Wednesday, July 15, 2026

മഹാരാഷ്ട്രയിൽ ഞെട്ടിക്കുന്ന വ്യാജപ്പാൽ തട്ടിപ്പ്; സോപ്പ് പൊടിയും രാസവസ്തുക്കളും ഉപയോഗിച്ച് നിർമാണം, 2.3 കോടി ലിറ്റർ വിറ്റതായി കണ്ടെത്തൽ

മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ഭൂം താലൂക്കിൽ നടന്ന വ്യാജപ്പാൽ നിർമ്മാണ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സോപ്പ് പൊടി, പാം ഓയിൽ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച വ്യാജപ്പാൽ വൻതോതിൽ വിപണിയിലെത്തിച്ചതായി പൊലീസ്-ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ആറ് മാസത്തിനിടെ ഭൂം മേഖലയിൽ നിന്ന് ഏകദേശം 2.3 കോടി ലിറ്ററിലധികം വ്യാജപ്പാൽ വിതരണം ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പ്രകാരം, നിലവാരം കുറഞ്ഞ 2,30,470 കിലോഗ്രാം പാൽപൊടിയാണ് വ്യാജപ്പാൽ നിർമ്മിക്കാൻ ഉപയോഗിച്ചത്.

ഇത് ഉപയോഗിച്ച് ഏകദേശം 23 ലക്ഷത്തിലധികം ലിറ്റർ കൃത്രിമ പാൽ നിർമ്മിച്ചതായും ഇതിന്റെ വിപണി മൂല്യം 9 കോടിയിലധികം രൂപ വരുമെന്നും അന്വേഷണത്തിൽ വ്യക്തമായി.

ശുദ്ധമായ പാലിന്റെ രൂപവും കൊഴുപ്പിന്റെ അളവും നിലനിർത്താനാണ് പ്രതികൾ രാസവസ്തുക്കൾ ഉപയോഗിച്ചതെന്നാണ് വിവരം. 100 ലിറ്റർ യഥാർത്ഥ പാലിൽ 10 ലിറ്റർ വരെ കൃത്രിമ പാൽ കലർത്തിയിരുന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂം മേഖലയിലെ പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്ന് വലിയ അളവിൽ മലിനമായ പാൽ വിതരണം ചെയ്തിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മൃഗങ്ങളുടെ തീറ്റ വിൽപ്പനയുടെ മറവിലാണ് വ്യാജപ്പാൽ നിർമ്മാണം നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസ് എടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഡിറ്റർജന്റും മറ്റ് രാസപദാർത്ഥങ്ങളും അടങ്ങിയ പാൽ ദീർഘകാലം ഉപയോഗിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇത് കൂടുതൽ അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ജീവന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. ഇത്തരം കേസുകളിൽ കനത്ത പിഴയും ദീർഘകാല തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!