മ്യാന്‍മര്‍: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ യാത്രാ ബോട്ട് മുങ്ങി അഞ്ഞൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മേഖലയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തമാണിതെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്. വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് യു.എന്‍ നല്‍കുന്ന സൂചന.
ജൂണ്‍ അവസാനവാരത്തോടെ മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്ത് നിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. അയല്‍രാജ്യമായ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരും ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച്, ഇരുന്നൂറ്റമ്പതിലധികം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച ഉടന്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തെ ബോട്ട് ഈ മാസം എട്ടിന് മ്യാന്‍മറിലെ ഇരാവതി തീരത്തിനടുത്ത് വച്ചാണ് കടലില്‍ മറിഞ്ഞത്.

വലിയ ദുരന്തത്തിനാണ് കടല്‍ സാക്ഷിയായതെന്നും സംഭവത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM), ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും (UNHCR) സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. 2017ല്‍ മ്യാന്‍മര്‍ സൈന്യം രാഖൈന്‍ സംസ്ഥാനത്ത് നടത്തിയ ക്രൂരമായ വംശീയ അക്രമങ്ങളെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് ആളുകള്‍ ജീവനും കൊണ്ട് പലായനം ചെയ്തതും റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രതിസന്ധി ലോകത്ത് രൂക്ഷമായതും.
