ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെയുണ്ടായ ഇറാന്റെ വ്യോമാക്രമണങ്ങളെ ഖത്തര്‍ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. എന്നാല്‍ പ്രതിരോധ നടപടികള്‍ക്കിടയില്‍ ആകാശത്തുനിന്ന് വീണ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും വിദഗ്ദ്ധ പരിചരണം നല്കിവരുന്നതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രധാന യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദൈദ് എയര്‍ബേസിനെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യം സുരക്ഷാ മന്ത്രാലയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും വിവിധ സുരക്ഷാ ഏജന്‍സികളും ഫീല്‍ഡ് തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സോഷ്യല്‍ മീഡിയയിലൂടെ ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്കി. സ്ഥിരീകരിക്കാത്ത വിവരങ്ങളോ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമപരമായ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.

തുടര്‍ച്ചയായ ആറാം ദിവസവും ഇറാന് നഗരങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ബോംബാക്രമണം തുടരുന്നതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് പ്രത്യാക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നത്. ഇറാന്റെ വിവിധ ജനവാസ കേന്ദ്രങ്ങളിലും നഗരങ്ങളിലും യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ 7 പേര് കൊല്ലപ്പെടുകയും ഒമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇറാന്റെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ പ്രധാന കമ്മ്യൂണിക്കേഷന്‍ ടവര്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, ഇറാനും യുഎസും തമ്മിലുള്ള സമാധാന ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ബോധപൂര്‍വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.
മേഖലയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി ചെങ്കടല്‍ പൂര്‍ണ്ണമായി ഉപരോധിക്കാന്‍ യമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ഇറാന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചെങ്കടലിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയായ ‘ബാബ് അല്‍-മന്ദാബ്’ കടലിടുക്ക് തടസ്സപ്പെടുത്താനാണ് ഇറാന് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ തന്നെ ഗതാഗതം പൂര്‍ണ്ണമായി നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക ഇനിയും തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാന് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയരുകയാണ്.
