Friday, July 17, 2026

ആശങ്കയുണര്‍ത്തി ആന്ധ്രയില്‍ കോവിഡ്; മൂന്നാഴ്ചക്കുള്ളില്‍ നാല് മരണം, 12 പേര്‍ക്ക് രോഗബാധ

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ആശങ്കയുണര്‍ത്തി കോവിഡ് വ്യാപനവും മരണങ്ങളും. മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്. ജൂണ്‍ 26 മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യന്‍ അറിയിച്ചു. മരണപ്പെട്ട നാല് രോഗികള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ (Comorbidities) ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ ഒറ്റപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട തരത്തിലുള്ള വലിയൊരു പകര്‍ച്ചവ്യാധിയുടെ സൂചനയല്ല ഇതെന്നും ആരോഗ്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ കടപ്പ ജില്ലയില്‍ നിന്നുള്ളവരും ഒരാള്‍ കാക്കിനട സ്വദേശിയുമാണ്. ജൂണ്‍ 26-ന് കടപ്പയിലാണ് ഈ വര്‍ഷത്തെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കടപ്പയിലാണ്, എട്ട് കേസുകള്‍. ഗുണ്ടൂരില്‍ രണ്ടും വിശാഖപട്ടണം, കാക്കിനട എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലായി ചിതറിക്കിടക്കുന്ന രീതിയിലാണ് കേസുകള്‍ കണ്ടെത്തിയതെന്നും പ്രത്യേക ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.

ജൂണ്‍ 26 നും ജൂലൈ 15 നും ഇടയില്‍ നടത്തിയ 67 കോവിഡ് പരിശോധനകളില്‍ നിന്നാണ് സംസ്ഥാനത്ത് 11 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. പന്ത്രണ്ടാമത്തെ രോഗിയെ കണ്ടെത്തിയത് തമിഴ്നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാണ് (സിഎംസി). നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വീടുകളില്‍ ഐസൊലേഷനിലും രണ്ട് പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമാണ്. മൂന്ന് പേര്‍ ഇതിനകം രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദമാണോ ഇതെന്നറിയാന്‍ അഞ്ച് സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) ജനിതക ശ്രേണീകരണത്തിനായി (Genome Sequencing) അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം ലഭ്യമായിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം, ജൂലൈ 1 മുതല്‍ രാജ്യത്താകെ 339 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്, 115 കേസുകള്‍. തൊട്ടുപിന്നില്‍ കര്‍ണാടക (64), മഹാരാഷ്ട്ര (43), തമിഴ്നാട് (39), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (18), ഡല്‍ഹി (18), രാജസ്ഥാന്‍ (12) എന്നിങ്ങനെയാണ് നിലവിലെ കണക്കുകള്‍. രാജ്യത്ത് കോവിഡ് ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ആശുപത്രികളും ജീവനക്കാരും പൂര്‍ണ്ണ സജ്ജരാണെന്നും പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!