ഓട്ടവ: കാനഡയെ ശ്വാസം മുട്ടിക്കുന്ന കാട്ടുതീപുക അതിര്‍ത്തി കടന്ന് അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലേക്കും എത്തിയതോടെ കടുത്ത പ്രതിഷേധവുമായി യു.എസ്. റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ രംഗത്ത്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് നേതാക്കള്‍ കത്തയച്ചു. കാനഡ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
‘കാനഡയുടെ മാപ്പപേക്ഷകള്‍ മിഷിഗന്റെ ആകാശം വൃത്തിയാക്കില്ല’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് യു.എസ്. പ്രതിനിധി സഭയിലെ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തങ്ങളുടെ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയത്. കാനഡയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ അനാസ്ഥ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പ്രതിപ്രതിനിധികളായ ജാക്ക് ബെര്ഗ്മാന്, ജോണ്‍ ജെയിംസ്, ലിസ മക്ലൈന്‍, ജോണ്‍ മൂലനാര്‍ എന്നിവര്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് സംയുക്തമായി അയച്ച കത്തില്‍, മിഷിഗണ്‍ റിപ്പബ്ലിക്കന്മാരുടെ ‘ക്ഷമ നശിച്ചു’ എന്ന് മുന്നറിയിപ്പ് നല്കി.

കഴിഞ്ഞ വര്‍ഷം ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് കാനഡ ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കാട്ടുതീ തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ കാനഡ സ്വീകരിച്ചിട്ടില്ല. ഒരു അയല്‍രാജ്യത്തില്‍ നിന്നും സഖ്യകക്ഷിയില്‍ നിന്നും ഉണ്ടാകേണ്ട സമീപനമല്ല കാനഡയുടെ ഭാഗത്തുനിന്നുള്ളതെന്നും അമേരിക്കന്‍ ജനതയുടെ ശ്വാസകോശങ്ങള്‍ കാനഡയുടെ അനാസ്ഥയ്ക്ക് വില നല്‍കേണ്ടി വരികയാണെന്നും നേതാക്കള്‍ ആരോപിച്ചു. കാട്ടുതീ നിയന്ത്രിക്കാന്‍ കാനഡയ്ക്ക് സാധിക്കുന്നില്ലെങ്കില്‍, തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് സ്വന്തം നിലയില്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം, കാനഡയിലെ യു.എസ്. അംബാസഡറായ പീറ്റ് ഹോക്സ്ട്ര വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. മിഷിഗണ്‍ സ്വന്തം സംസ്ഥാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കാട്ടുതീയെ പ്രതിരോധിക്കുന്നതില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ പ്രശംസിച്ചു.
ഈ പ്രതിസന്ധിക്ക് അതിര്‍ത്തികളില്ലെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തുടരുന്നതുപോലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കാനഡയുമായി ചേര്‍ന്ന് ഈ അടിയന്തര സാഹചര്യത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയും യു.എസും തമ്മിലുള്ള മികച്ച പങ്കാളിത്തത്തിന്റെ തെളിവാണ് ഈ കൂട്ടായ പ്രവര്‍ത്തനമെന്നും ഹോക്സ്ട്ര കൂട്ടിച്ചേര്‍ത്തു.
