വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതായി റിപ്പോർട്ടിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കുമെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.പരിസ്ഥിതി അനുമതിയുള്ള പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടും അതോറിറ്റി ഉത്തരവാദിത്തം നിറവേറ്റാതെ ഫയൽ മടക്കിയെന്നാണ് റിപ്പോർട്ടിലെ വിമർശനം.
മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കരാർ കമ്പനിക്കെതിരെയും വിശദമായ അന്വേഷണം വേണമെന്ന് അമിക്കസ്ക്യൂറി ശുപാർശ ചെയ്തു. പരിസ്ഥിതി അനുമതിയിൽ നിർദേശിച്ച മണ്ണ് നിക്ഷേപ വ്യവസ്ഥകൾ പാലിച്ചോയെന്നും പരിശോധിക്കണം. കമ്പനിയുടെ സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും പരിശോധിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കൂടാതെ, ടണൽ നിർമ്മാണ പ്രവർത്തനങ്ങൾ സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ നിർത്തിവെക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
