Saturday, July 18, 2026

ഇറാന്‍ ആക്രമണം: കുവൈറ്റിലെ വൈദ്യുതി നിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം

കുവൈറ്റ് സിറ്റി: ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈത്തിലെ പ്രമുഖ വൈദ്യുതി നിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും കനത്ത തീപിടിത്തമുണ്ടായതായി വൈദ്യുതി, ജല മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമാക്രമണത്തില്‍ പ്ലാന്റിന്റെ പ്രധാന ഭാഗങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി ജനറേറ്റിങ് യൂണിറ്റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ആക്രമണമുണ്ടായ ഉടന്‍ തന്നെ മന്ത്രാലയത്തിന്റെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാന്റിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ പ്രധാന വൈദ്യുതി ശൃംഖല തകരാറിലാകാതിരിക്കാനുമാണ് മുന്‍കരുതല്‍ നടപടിയെന്നോണം ജനറേറ്ററുകള്‍ വിച്ഛേദിച്ചത്. തകരാറിലായ യൂണിറ്റുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയില്‍ വൈദ്യുതി-ജല വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ബദല്‍ സംവിധാനങ്ങള്‍ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

എങ്കിലും, നിലവിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ഒത്തൊരുമയോടെ സഹകരിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പ്രാദേശിക സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ തുടര്‍ച്ചയായി ഏഴാം ദിവസമാണ് കുവൈത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ കടുത്ത ആക്രമണങ്ങള്‍ ഉണ്ടാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!