ഡൽഹി: സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണം. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ നിരവധി പാളിച്ചകൾ സംഭവിച്ചെന്നും, അവ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ തിരുത്തൽ നടപടികൾ സമയബന്ധിതമായി ഉണ്ടായില്ലെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടും പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതിരുന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സംഘടനാപരമായ വീഴ്ചകളിൽ സംസ്ഥാന നേതൃത്വം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷവും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിമർശനം. സ്ഥാനാർഥി നിർണയത്തിലും വീഴ്ചകളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പാളിച്ചകളുണ്ടായെന്നും സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനാ തലത്തിൽ തിരുത്തൽ നടപടികൾ ശക്തമാക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.
