ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വരുംകാലങ്ങളിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും ജനങ്ങളുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടാവുമെന്നും വ്യക്തമാക്കി പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ രാഷ്ട്രീയരംഗം പൂര്‍ണമായും അഴിമതിമയമായി മാറിയെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്നിവിടെ സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ നിലവിലെ മണ്ഡലമായ വരുണയിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഇങ്ങോട്ട് പണം നല്‍കിയാണ് വിജയിപ്പിച്ചിരുന്നതെന്നും എന്നാല്‍ പണം നല്‍കിയാല്‍ മാത്രം വോട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ അന്തരീക്ഷം ഇന്ന് തരംതാണു എന്നും അദ്ദേഹം കത്തില്‍ കുറിച്ചു. പ്രായവും ആരോഗ്യസ്ഥിതിയുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ച മറ്റ് പ്രധാന ഘടകങ്ങള്‍. തനിക്ക് ഇപ്പോള്‍ 79 വയസായെന്നും ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 81-82 വയസാകുമെന്നും പറഞ്ഞ അദ്ദേഹം, പഴയതുപോലെ ആവേശത്തോടെ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യസ്ഥിതി നിലവിലില്ലെന്ന് തുറന്നുസമ്മതിച്ചു.

2028-ഓടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് 50 വര്‍ഷം തികയുകയാണെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു. 1978-ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രയാണം ആരംഭിച്ചത്. വിജയങ്ങളും പരാജയങ്ങളും ഒരുപോലെ നേരിട്ട തന്റെ ദീര്‍ഘകാല രാഷ്ട്രീയ ജീവിതത്തില്‍, വിശ്വസിച്ച തത്വങ്ങള്‍ക്കെതിരായോ മനഃസാക്ഷിക്ക് നിരക്കാത്ത വിധത്തിലോ പ്രവര്‍ത്തിച്ചിട്ടില്ലെന്ന സംതൃപ്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു പതിറ്റാണ്ടുകാലം സംസ്ഥാനത്തെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, ജീവിതത്തിന്റെ ശേഷിക്കുന്ന കാലവും ജനസേവനത്തിനായി സമര്‍പ്പിക്കുമെന്നും ഉറപ്പുനല്‍കി.
