Sunday, July 26, 2026

ട്രംപിന്റെ നികുതി ഭീഷണി: അമേരിക്കന്‍ മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ആല്‍ബര്‍ട്ട

കാല്‍ഗറി: യുഎസ് നികുതി ഭീഷണിക്ക് മറുപടിയായി യുഎസ് നിര്‍മിത മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി തിരിച്ചടിക്കില്ലെന്ന് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണമണോ അതോ വാങ്ങണമണോ എന്നത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും തീരുമാനിക്കാമെന്ന നിലപാടിലാണ് പ്രവിശ്യ. കാനഡയില്‍ നിന്നുള്ള ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇതുവരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം ഓര്‍ക്കണമെന്നും, അതിവൈകാരികമായി പ്രതികരിക്കാതെ വളരെ ശാന്തമായും സഹിഷ്ണുതയോടെയുമാണ് ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടതെന്നും ഡാനിയല്‍ സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ട്രംപിന്റെ തീരുവ ഭീഷണികളെത്തുടര്‍ന്ന് കാനഡയിലെ പല പ്രവിശ്യാ ലിക്വര്‍ ബോര്‍ഡുകളും അമേരിക്കന്‍ മദ്യം വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു. സസ്‌കാച്വാനും ആല്‍ബര്‍ട്ടയും മാസങ്ങള്‍ക്ക് ശേഷം ഇവ തിരികെ ഷെല്‍ഫുകളിലെത്തിച്ചെങ്കിലും, പ്രമുഖ പ്രവിശ്യകളായ ഒന്റാരിയോയും കെബെക്കും ഇപ്പോഴും അമേരിക്കന്‍ മദ്യത്തിന്റെ ഇറക്കുമതി പുനരാരംഭിച്ചിട്ടില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണമായിട്ടുണ്ട്.

വരുന്ന മാസം മുതല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി കൂട്ടുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. കാനഡ ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങള്‍ക്ക് മേല്‍ അധികമായി 10 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ‘സി.യു.എസ്.എം.എ’ (CUSMA) വ്യാപാര കരാറിന്റെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവിശ്യകള്‍ യു.എസ്. മദ്യത്തിന് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഇത്തരം നീക്കങ്ങള്‍ക്ക് കാരണമെന്ന് അമേരിക്കന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

വിഷയത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകള്‍ ശക്തമായ തിരിച്ചടിക്ക് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, സാമ്പത്തിക തിരിച്ചടികളേക്കാള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാണ് സ്മിത്തും സസ്‌കാച്വാന്‍ പ്രീമിയര്‍ സ്‌കോട്ട് മോയും താല്പര്യപ്പെടുന്നത്. ഓഗസ്റ്റിലെ സമയപരിധിക്കുള്ളില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് അനുകൂലമായ കരാറിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആല്‍ബര്‍ട്ട.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!