Monday, July 27, 2026

ബില്ലി ബിഷപ്പ് ജെറ്റ് വികസന പദ്ധതി തള്ളി ഫെഡറൽ സർക്കാർ; ടൊറന്റോയിൽ ആഘോഷം

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ ബില്ലി ബിഷപ്പ് എയർപോർട്ടിൽ ജെറ്റ് വിമാന സർവീസുകൾ അനുവദിച്ചുകൊണ്ടുള്ള ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ വികസന പദ്ധതി ഫെഡറൽ സർക്കാർ ഔദ്യോഗികമായി തള്ളി. പൊതുജനങ്ങളിൽ നിന്നും കനത്ത എതിർപ്പുയർന്നതിനെത്തുടർന്നാണ് തീരുമാനം. പരിസ്ഥിതി, ശബ്ദമലിനീകരണം, ജനങ്ങളുടെ സ്വകാര്യത തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് കാനഡ ട്രാൻസ്‌പോർട്ട് മന്ത്രി സ്റ്റീവൻ മക്കിന്നൻ ഈ തീരുമാനം പ്രഖ്യാപിച്ചത്.

വികസന പദ്ധതിക്ക് ഫെഡറൽ സർക്കാർ പിന്തുണ നൽകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നഗരത്തിൽ നൂറുകണക്കിന് പേരാണ് ആഘോഷവുമായി രംഗത്തെത്തിയത്.ടൊറന്റോയുടെ തീരപ്രദേശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിച്ചിരുന്ന ജനകീയ കൂട്ടായ്മകളായ NoJetsTO, Environmental Defence എന്നിവയുടെ നേതൃത്വത്തിൽ ഞായറാഴ്ച റാലിയും മാർച്ചും സംഘടിപ്പിച്ചിരുന്നു.

ബില്ലി ബിഷപ്പ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായ ശേഖരണത്തിൽ 87,000-ത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ഏകദേശം 87 ശതമാനം പേരും ജെറ്റ് സർവീസുകൾക്കായുള്ള മാറ്റങ്ങളെ എതിർത്തതായി ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൺ അറിയിച്ചു.നിലവിൽ വിമാനത്താവളത്തിൽ അംഗീകരിച്ചിട്ടുള്ള സുരക്ഷാ നവീകരണ പ്രവർത്തനങ്ങൾ മാത്രമാണ് സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ജെറ്റ് വികസന പദ്ധതിക്ക് ഇപ്പോൾ പിന്തുണ നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവള റൺവേ 600 മീറ്റർ പടിഞ്ഞാറോട്ട് നീട്ടാനുള്ള ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ നിർദേശത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ശബ്ദ മലിനീകരണം, ഗതാഗത തിരക്ക്, വായു മലിനീകരണം, ടൊറന്റോയുടെ തീരപ്രദേശത്തിന്റെ ഭാവി എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ആശങ്കകൾ.

ടൊറന്റോ മേയർ ഒലിവിയ ചോ ഞായറാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്തു. തീരപ്രദേശം ജനങ്ങളുടേതാണെന്നും അത് സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു. ജനങ്ങളുടെ കൂട്ടായ ശബ്ദമാണ് ഈ തീരുമാനത്തിന് പിന്നിലെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഒന്റാരിയോ സർക്കാർ ഇപ്പോഴും വിമാനത്താവള വികസന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതി പൊതുസ്ഥലങ്ങൾ സംരക്ഷിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതും പുതിയ ഭവന അവസരങ്ങൾ സൃഷ്ടിക്കുന്നതുമായിരിക്കുമെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സാർക്കറിയ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!