ടൊറന്റോ: വാട്ടർലൂ പാർക്കിൽ ജൂലൈ 25, 26 തീയതികളിലായി നടന്ന ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026-ൽ ഗ്രാന്റ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം കാഴ്ചവെച്ച് വിവിധ ഇനങ്ങളിൽ ചാമ്പ്യൻമാരായി. വാട്ടർലൂ മേഖലയിലെ വിവിധ ദക്ഷിണേഷ്യൻ സമൂഹങ്ങളെ കായികത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയിൽ ഒരുമിപ്പിച്ച മേളയിൽ നിരവധി സംഘടനകളാണ് പങ്കെടുത്തത്.
GRMAയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കായികമേളയിൽ തമിഴ് കൾച്ചറൽ അസോസിയേഷൻ (TCA), ഗോൾഡൻ ട്രയാംഗിൾ മറാത്തി മണ്ഡൽ (GTMM), ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ (ICA), KWC തെലുങ്ക് അസോസിയേഷൻ, ബംഗാളി സ്പോർട്സ് ഗ്രൂപ്പ് എന്നിവ പങ്കാളികളായി.
ഈ വർഷത്തെ പരിപാടിക്ക് GRMA പ്രസിഡന്റ് റയീസ് നിഷാദാണ് നേതൃത്വം നൽകിയത്. ബോർഡ് ചെയർമാൻ ബാലു മേനോന്റെ മാർഗനിർദേശത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡയസ് ജെയിംസ് ജോസ്, അനൂപ് നായർ, ഡെന്നിസ് ജോസഫ് എന്നിവരുടെ പിന്തുണയിലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.

മത്സരങ്ങളിൽ GRMA നിരവധി ഇനങ്ങളിൽ മികവ് തെളിയിച്ചു. മുതിർന്നവരുടെ വോളിബോൾ, വനിതകളുടെ ത്രോബോൾ, കുട്ടികളുടെ സോക്കർ എന്നീ ഇനങ്ങളിൽ GRMA ചാമ്പ്യൻമാരായി. കുട്ടികളുടെ സോക്കറിൽ GRMAയുടെ രണ്ടാമത്തെ ടീം റണ്ണേഴ്സ്-അപ്പായി. യൂത്ത് വോളിബോളിൽ റണ്ണേഴ്സ്-അപ്പായപ്പോൾ, ക്രിക്കറ്റിൽ GRMA ബ്രൗൺ ടീം സെമിഫൈനലിലെത്തി.
ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026 വിജയകരമാക്കാൻ സഹകരിച്ച എല്ലാ താരങ്ങൾക്കും പരിശീലകർക്കും സന്നദ്ധ പ്രവർത്തകർക്കും സ്പോൺസർമാർക്കും പങ്കാളി സംഘടനകൾക്കും GRMA നന്ദിയും അഭിനന്ദനവും അറിയിച്ചു. അടുത്ത വർഷം കൂടുതൽ സംഘടനകളെ പങ്കെടുപ്പിച്ച് കായികമേള കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
