തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം എ. അജികുമാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും ഒരു ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കസ്റ്റഡിയില്‍ നല്‍കിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി കൊല്ലത്തെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയ പ്രതികളെ, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

2019-ല്‍ സന്നിധാനത്ത് നടന്ന സ്വര്‍ണക്കൊള്ള മറച്ചുവെക്കാനായി, 2025-ല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ വീണ്ടും സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന നിഗമനത്തിലാണ് വിജിലന്‍സ് കോടതി ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
