Tuesday, July 28, 2026

ഫ്രാന്‍സില്‍ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്; ഇരകളില്‍ ഗര്‍ഭിണികളും

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പോര്‍ട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപം സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പിടിയില്‍. തിങ്കളാഴ്ച രാവിലെയാണ് വഴിയിലൂടെ നടന്നുപോയ യാത്രക്കാര്‍ക്ക് നേരെ വലിയ രണ്ട് കത്തികള്‍ ഉപയോഗിച്ച് യുവാവ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. 19, 24, 36 വയസ്സ് പ്രായമുള്ള മൂന്ന് സ്ത്രീകള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

പരുക്കേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്ന് പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നീളമുള്ള മുടിയും ക്രീം കളര്‍ ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി റോഡിലൂടെ നടന്നുപോയ സ്ത്രീകളെ ലക്ഷ്യമിട്ട് അക്രമം നടത്തുകയായിരുന്നു. അള്ളാഹുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ ആക്രമണം നടത്തുന്നതെന്ന് ഇയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ആക്രമണത്തിന് ഇരയായവരില്‍ ഒരാള്‍ക്ക് മുതുകിലും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. പ്രതി ഒരു സ്ത്രീയെ മുതുകില്‍ കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാര്‍ ധൈര്യപൂര്‍വ്വം ഇടപെടുകയായിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്തിയ മുഹമ്മദ് അലി ബൗഹദ്ജാര്‍ എന്ന 26കാരന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ചേര്‍ന്നാണ് അക്രമിയെ തടഞ്ഞുനിര്‍ത്തിയത്. കൂട്ടത്തിലൊരാള്‍ സ്യൂട്ട്‌കേസ് എറിഞ്ഞതോടെ പ്രതിയുടെ കയ്യില്‍ നിന്ന് കത്തി താഴെ വീഴുകയും, തുടര്‍ന്ന് ആളുകള്‍ ഇയാളെ നിലത്തു വീഴ്ത്തി ബലമായി പിടിച്ചുവെക്കുകയുമായിരുന്നു.

നിലത്തു വീണുകിടക്കുമ്പോഴും താന്‍ ദൈവകല്‍പ്പന അനുസരിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ആ സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും നാട്ടുകാരുടെയും സഹായത്തോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും അറസ്റ്റ് സമയത്ത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഭീകരവിരുദ്ധ ഏജന്‍സി അന്വേഷണ സാധ്യതകള്‍ പരിശോധിച്ചു വരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!