കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തന്‍. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്.

23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ അയൂബ്ഖാൻ ആണ് വിധി പറഞ്ഞത്. 2003 ഫെബ്രുവരി 19-നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്.
കുടിലുകള്‍ പൊളിച്ചുനീക്കാന്‍ എത്തിയ പൊലീസ് സംഘത്തില്‍ കണ്ണൂര്‍ കൊയ്യം സ്വദേശിയായ കോണ്‍സ്റ്റബിള്‍ വിനോദുമുണ്ടായിരുന്നു. രാവിലെ 8-ന് തുടങ്ങിയ പൊലീസ് നടപടി പിന്നീട് വലിയ ഏറ്റുമുട്ടലായി മാറി. ഇതിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അതിശക്തമായ നടപടി വെടിവെപ്പിലും കലാശിച്ചു.
ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ആ ഏറ്റുമുട്ടലിനൊടുവിൽ വിനോദിനെ സമരക്കാര്‍ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തല്‍.
എം ഗീതാനന്ദനായിരുന്നു കേസില്‍ ഒന്നാം പ്രതി. കേസില്‍ ആകെയുള്ള 53 പ്രതികളില്‍ 15 പേര് ഇതിനോടകം മരിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും വാര്‍ദ്ധക്യത്തിന്റെ അവശതകളിലാണ്. മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്ന് വിനോദിന്റെ സഹോദരൻ കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് താന്‍. തങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ചു. സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചില്ലെന്നും ബാബു ആരോപിച്ചു.
Content Highlights: Muthanga Land Struggle Case Geethanandan Among 35 Accused Acquitted
