Tuesday, August 4, 2026

‘സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കും’; പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. എല്ലാ വർഷവും പ്രളയഭീഷണി നേരിടുന്ന മേഖലകളിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും, ആദ്യഘട്ട പദ്ധതി പത്തനംതിട്ടയിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.

ജില്ലയിൽ നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 6,400-ലധികം പേരാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. തിരുവല്ല മേഖലയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. വെള്ളക്കെട്ട് പൂർണമായും ഒഴിയാത്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന് ആവശ്യമായ എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഗുണമേന്മയുള്ള ഭക്ഷണം, ശുദ്ധജലം, ആരോഗ്യസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യമില്ലാത്ത ക്യാമ്പുകളിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിതീവ്ര മഴയെ തുടർന്ന് വനമേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായതും അതിന്റെ പ്രത്യാഘാതമായാണ് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കനത്ത മഴ പെയ്തതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി നേരിട്ടു.

അതിഥി തൊഴിലാളികൾ ഉൾപ്പെടെ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും ഭക്ഷണവും മറ്റ് അവശ്യസഹായങ്ങളും എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആവശ്യമായത്ര ഉദ്യോഗസ്ഥരെ നിയമിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!