Tuesday, August 4, 2026

ഹോർമുസ് പ്രതിസന്ധി തിരിച്ചടിയായില്ല; ലാഭത്തിൽ വൻ മുന്നേറ്റവുമായി അരാംകോ

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും നിലനിന്നിട്ടും ലോകത്തെ പ്രമുഖ എണ്ണ കമ്പനികളിലൊന്നായ സൗദി അരാംകോ പ്രവർത്തനലാഭത്തിൽ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസത്തിൽ കമ്പനിയുടെ അറ്റാദായം 44 ശതമാനം വർധിച്ചതായി അരാംകോ അറിയിച്ചു.

അസംസ്കൃത എണ്ണ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയിൽ ഉണ്ടായ വർധനയാണ് ലാഭവർധനയ്ക്ക് പ്രധാന കാരണമായത്. വിപണിയിലെ വെല്ലുവിളികൾക്കിടയിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വിതരണം തുടരാൻ കഴിഞ്ഞതും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ ശക്തിപ്പെടുത്തി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിന് തടസ്സങ്ങൾ നേരിട്ട സാഹചര്യത്തിൽ കപ്പലുകളുടെയും ടാങ്കറുകളുടെയും യാത്രാമാർഗങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നെങ്കിലും എണ്ണ കയറ്റുമതിക്ക് കാര്യമായ തിരിച്ചടി ഉണ്ടായില്ലെന്ന് അരാംകോ വ്യക്തമാക്കി. പതിറ്റാണ്ടുകളായി നടത്തിയ അടിസ്ഥാനസൗകര്യ വികസനവും ബദൽ കയറ്റുമതി സംവിധാനങ്ങളുമാണ് ഈ പ്രതിസന്ധി മറികടക്കാൻ സഹായിച്ചതെന്ന് അരാംകോ സി.ഇ.ഒ അമീൻ നാസർ പറഞ്ഞു.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ, വിപുലമായ സംഭരണ ശൃംഖല, വിവിധ കയറ്റുമതി ടെർമിനലുകൾ എന്നിവയുടെ സഹായത്തോടെ വിതരണ ശൃംഖല കാര്യക്ഷമമായി നിലനിർത്താനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിന്നിട്ടും 98.4 ശതമാനം വിതരണ വിശ്വാസ്യത കൈവരിച്ചതായും കമ്പനി അറിയിച്ചു.

ഹൂതി വിമതരുടെ ആക്രമണ ഭീഷണികളും സൗദി അറേബ്യയുടെ എണ്ണ-ഊർജ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അമീൻ നാസർ വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിലും ഉൽപാദനവും കയറ്റുമതിയും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കമ്പനിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!