ഹാലിഫാക്സ്: ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ ഹാലിഫാക്സ് ചാപ്റ്ററിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 7 മുതൽ 9 വരെ ഹാലിഫാക്സിൽ നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യപ്രഭാഷകനായി പങ്കെടുക്കും.വെള്ളിയാഴ്ച ആരംഭിക്കുന്ന കൺവൻഷൻ ഐ.പി.സി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ സഹസ്ഥാപകനും ഹെബ്രോൻ ഹാലിഫാക്സ് ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ ചാർളി ജോസഫ് അധ്യക്ഷത വഹിക്കും. ഹെബ്രോൻ ക്വയർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വെള്ളി മുതൽ ഞായർ വരെ നടക്കുന്ന വിവിധ ആത്മീയ സമ്മേളനങ്ങളിൽ സുവിശേഷകരായ ബ്ലസൻ വർഗീസ്, ജോയൽ സ്റ്റീഫൻ, നിബു അലക്സാണ്ടർ, ഷോജോ ജോൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഹാലിഫാക്സിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം കൺവൻഷനിൽ പ്രതീക്ഷിക്കുന്നതായി കൺവൻഷൻ കൺവീനർ നിബു അലക്സാണ്ടർ അറിയിച്ചു. ഹെബ്രോൻ ഫെല്ലോഷിപ്പ് സഭയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന പ്രത്യേക ആരാധനയോടെയും സഭായോഗത്തോടെയും വാർഷിക കൺവൻഷൻ സമാപിക്കും.
