ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. സ്ത്രീകൾ, യുവാക്കൾ, വിദ്യാർഥികൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമ-വികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. സർക്കാർ സ്കൂളുകളുടെ നവീകരണത്തിനായി 2132 കോടി രൂപ അനുവദിച്ചു. സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് വിവിധ സൗജന്യ പദ്ധതികൾക്കായി 139 കോടി രൂപയും സ്കൂൾ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപയും വകയിരുത്തി. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു.
പഠനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്ത യുവാക്കൾക്ക് പ്രത്യേക പരിശീലന പദ്ധതി നടപ്പാക്കും. തൊഴിൽ ലഭിക്കുന്നതുവരെ പ്രതിമാസ സഹായധനം നൽകാനും തീരുമാനിച്ചു. ഇതിനായി 150 കോടി രൂപ അനുവദിച്ചു.ലഹരിമുക്ത തമിഴ്നാട് ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി വൊളണ്ടിയർ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ‘ഡ്രഗ് ഫ്രീ തമിഴ്നാട്’ ആപ്ലിക്കേഷൻ പുറത്തിറക്കുകയും ചെയ്യും. കോളജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുന്ന വെട്രി ലാപ്ടോപ്പ് പദ്ധതിക്കായി 2000 കോടി രൂപ വകയിരുത്തി.
ആദ്യമായി ഹജ് തീർഥാടനം നടത്തുന്നവർക്കുള്ള ധനസഹായം 25,000 രൂപയിൽ നിന്ന് 35,000 രൂപയായി ഉയർത്തി. സംസ്ഥാന ഹജ് കമ്മിറ്റിയിലൂടെ യാത്ര ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുക.വനിതകൾക്കായി വിവാഹ സഹായ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. അർഹരായ യുവതികൾക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ടുസാരിയും നൽകും. പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തി.
ജെൻസി വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിൾ, ഹെൽമറ്റ്, വാട്ടർ ബോട്ടിൽ എന്നിവ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. 5.32 ലക്ഷം പ്ലസ് വൺ വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം 1000 രൂപ വർധിപ്പിച്ചു. ട്രോളിങ് നിരോധന കാലത്തെ സഹായം 7000 രൂപയായി ഉയർത്തി.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. വാഹന സർവീസിങ്ങിനായി മെക്കാനിക്കുകൾക്ക് പരിശീലനം നൽകും. അടുത്ത അഞ്ച് വർഷത്തിനിടെ 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചു.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കായി ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 മുതൽ നടപ്പാക്കുന്ന പദ്ധതിയിൽ സ്വർണമോതിരവും ബേബി കിറ്റും നൽകും. ഇതിനായി 560 കോടി രൂപ വകയിരുത്തി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കാവേരി നദീജല വിഷയത്തിൽ അർഹമായ വിഹിതം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ടിനെ എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി.
