എഡ്മിന്റൻ: കാനഡയിലെ ആൽബർട്ടയിൽ 12 വയസ്സുകാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അന്വേഷണം ആരംഭിച്ചു. എഡ്മിന്റൻ സ്വദേശിയായ ബാലനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആൽബർട്ടയിലെ അതബാസ്ക പട്ടണത്തിന് വടക്കുള്ള ഗ്രാമപ്രദേശത്ത് ഓഗസ്റ്റ് ആറിന് പുലർച്ചെ 3.30ഓടെയാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
ബാലനെ കാണാതായതായി ഇതിന് മുമ്പ് പൊലീസിൽ പരാതി ലഭിച്ചിരുന്നില്ലെന്ന് ആർ.സി.എം.പി. അറിയിച്ചു. സംഭവത്തെക്കുറിച്ച് കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.

കേസിൽ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഓഗസ്റ്റ് ആറിന് പുലർച്ചെ 12 മണിക്കും 4.30നും ഇടയിൽ ഹൈവേ 813-ലും കോളിങ് ലേക്കിന് സമീപമുള്ള റേഞ്ച് റോഡ് 213Aയിലും സഞ്ചരിച്ചവരോട് ഡാഷ്കാം ദൃശ്യങ്ങൾ കൈവശമുണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
എഡ്മിന്റനിൽ നിന്ന് 200 കിലോമീറ്ററിലധികം വടക്കാണ് കോളിങ് ലേക്ക് സ്ഥിതി ചെയ്യുന്നത്. ആർ.സി.എം.പി. മേജർ ക്രൈംസ് യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്.
