വൻകൂവർ: കാനഡയിലെ മേപ്പിൾ റിഡ്ജിൽ കരടിയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് പരുക്ക്. ഞായറാഴ്ച രാവിലെ വീടിന് സമീപം ആക്രമണമുണ്ടായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
240 സ്ട്രീറ്റിന് സമീപം 124 അവന്യൂവിലെ വീട്ടിലെ പിൻവശത്ത് ഡെക്കിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കരടി ആക്രമിച്ചതെന്ന് ബ്രിട്ടീഷ് കൊളംബിയ കൺസർവേഷൻ ഓഫീസർ സർവീസ് അറിയിച്ചു. കുട്ടിയുടെ രക്ഷിതാവ് ഇടപെട്ട് കരടിയെ ഓടിക്കുകയായിരുന്നു.പ്രായം കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിൽ എയർ ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് മാപ്പിൾ റിഡ്ജ് ആർ.സി.എം.പി അറിയിച്ചു. കുട്ടിയുടെ പരുക്കുകൾ ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്തെത്തിയ പൊലീസ്, കരടി പ്രദേശത്ത് പലതവണ തിരിച്ചെത്തിയതായി അറിയിച്ചു. പൊതുജനസുരക്ഷ കണക്കിലെടുത്ത് ഉച്ചയോടെ കരടിയെ വെടിവെച്ചെങ്കിലും പരുക്കേറ്റ കരടി സമീപത്തെ വനപ്രദേശത്തേക്ക് ഓടിപ്പോയി.കരടിയെ കണ്ടെത്താനുള്ള തുടർനടപടികൾ ബി.സി. കൺസർവേഷൻ ഓഫീസർ സർവീസിന്റെ പ്രിഡേറ്റർ അറ്റാക്ക് ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ നിർദേശിച്ചു. കരടിയെ കാണുന്നവർ ബി.സി. കൺസർവേഷൻ ഓഫീസർ സർവീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
