റിയാദ്: യമനിലെയും മേഖലയിലെയും സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ യമൻ വിദേശകാര്യ മന്ത്രി അഫ്‌റ അൽ സുബയുമായി യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
യമന് സൗദി അറേബ്യ നൽകുന്ന നിർണായക പിന്തുണയ്ക്ക് യമൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യമൻ സർക്കാരിനും ജനങ്ങൾക്കും സൗദി നൽകുന്ന പിന്തുണയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

യമനിലെ വിവിധ പ്രവിശ്യകളിൽ പൗരന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങൾ വർധിച്ചുവരുന്നതായി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖങ്ങൾ, അഭയാർഥി ക്യാമ്പുകൾ, വൈദ്യുതി, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന മേഖലകളാണ് ആക്രമണങ്ങളുടെ ലക്ഷ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും സംഘർഷം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇരുപക്ഷവും കൂടിക്കാഴ്ചയിൽ വിലയിരുത്തിയതായാണ് വിവരം.
