ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ നിർണായകമായ 1866-ലെ റിഡ്ജ്വേ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഒൻപത് സൈനികരുടെ പേരുകൾ രാജ്യത്തിന്റെ ഔദ്യോഗിക ‘ബുക്സ് ഓഫ് റിമംബ്രൻസിൽ’ (Books of Remembrance) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ ഹർജി.
കാനഡ രൂപീകരിക്കുന്നതിന് ഒരു വർഷം മുമ്പ് നടന്ന റിഡ്ജ്വേ യുദ്ധം കാനഡയുടെ മണ്ണിൽ കനേഡിയൻ സൈനികരും കനേഡിയൻ ഉദ്യോഗസ്ഥരും നേതൃത്വം നൽകി നടത്തിയ ആദ്യ പോരാട്ടമായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. യുദ്ധത്തിന്റെ സ്മരണയിൽ നിന്നാണ് പിന്നീട് ‘ഡെക്കറേഷൻ ഡേ’ എന്ന ആചാരവും രൂപപ്പെട്ടത്. ഇതാണ് പിന്നീട് റിമെംബ്രൻസ് ഡേയുടെ മുൻഗാമിയായി മാറിയത്.
1866 ജൂണിലാണ് അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തിരുന്ന നിരവധി മുൻ സൈനികർ ഉൾപ്പെട്ട ഫീനിയൻ സംഘത്തിലെ നൂറുകണക്കിന് പേർ കാനഡയിലേക്ക് കടന്നുകയറിയത്. ബ്രിട്ടീഷ് കിരീടത്തിൽ നിന്ന് അയർലൻഡിന്റെ സ്വാതന്ത്ര്യം നേടുന്നതിനായി ബ്രിട്ടീഷ് നോർത്ത് അമേരിക്കയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്ത് ബ്രിട്ടനുമായി വിലപേശുകയായിരുന്നു ഫീനിയൻ സംഘത്തിന്റെ ലക്ഷ്യം.
നയാഗ്ര നദി കടന്ന് വെല്ലൻഡ് കനാലിന് നേരെ നീങ്ങിയ ഫീനിയൻ സംഘത്തെ റിഡ്ജ്വേയ്ക്ക് സമീപം ഏകദേശം 800 കനേഡിയൻ സന്നദ്ധ സൈനികർ നേരിട്ടു. പരിചയക്കുറവും ആവശ്യമായ പരിശീലനത്തിന്റെയും ഉപകരണങ്ങളുടെയും അഭാവവും കനേഡിയൻ സൈന്യത്തെ പ്രതികൂലമായി ബാധിച്ചു. ഭക്ഷണം, വെള്ളം, വെടിയുണ്ടകൾ, ശരിയായ ചെരുപ്പുകൾ എന്നിവയുടെ പോലും കുറവുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിൽ കനേഡിയൻ സൈന്യം പിന്മാറേണ്ടിവന്നെങ്കിലും ഫീനിയൻ സംഘം പിന്നീട് ആക്രമണം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങി. അതിനാൽ യുദ്ധഭൂമിയിലെ തോൽവിയായിരുന്നെങ്കിലും ഫീനിയൻ ആക്രമണത്തെ തടയുന്നതിൽ റിഡ്ജ്വേ പോരാട്ടം നിർണായകമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.

നയാഗ്ര സൗത്ത് മണ്ഡലത്തിലെ കൺസർവേറ്റീവ് എംപി ഫ്രെഡ് ഡേവീസാണ് ഹർജിക്ക് പാർലമെന്റിൽ നേതൃത്വം നൽകുന്നത്. കാനഡയെ പ്രതിരോധിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടവരെ രാജ്യം ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഫോർട്ട് എറി മേയറും വർഷങ്ങളായി സൈനികരുടെ പേരുകൾ ‘ബുക്സ് ഓഫ് റിമെംബ്രൻസ്’ൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. 2016ൽ യുദ്ധത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒൻപത് സൈനികരുടെ സ്മരണയ്ക്കായി സ്മാരകവും സ്ഥാപിച്ചിരുന്നു.
റിഡ്ജ്വേ യുദ്ധം കാനഡയുടെ രൂപീകരണത്തിലും സ്വാധീനം ചെലുത്തിയതായി ചരിത്രകാരനായ പീറ്റർ വ്രോൺസ്കി അഭിപ്രായപ്പെട്ടു. യുദ്ധം കനേഡിയൻ സൈനിക ശക്തിയുടെ ആദ്യകാല പരീക്ഷണമായിരുന്നെന്നും രാജ്യത്തിനായി സ്വന്തം മണ്ണിൽ പോരാടിയ കനേഡിയൻമാരുടെ ത്യാഗത്തെ ദേശീയമായി അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ ഔദ്യോഗിക ‘ബുക്സ് ഓഫ് റിമെംബ്രൻസ്’ എട്ട് വാല്യങ്ങളിലായി രാജ്യത്തിനുവേണ്ടി സേവനത്തിനിടെ മരിച്ച സൈനികരുടെ പേരുകളാണ് ഉൾക്കൊള്ളുന്നത്. കാനഡ രൂപീകരിക്കുന്നതിന് മുമ്പ് മരിച്ച സൈനികരുടെ പേരുകൾ പോലും ഇതിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ റിഡ്ജ്വേ യുദ്ധത്തിലെ ഒൻപത് പേരെ ഒഴിവാക്കിയതിൽ പുനഃപരിശോധന വേണമെന്നാണ് ഹർജിയിലെ ആവശ്യം.
