ടൊറന്റോ: കാനഡയിലെ മലയാളി സമൂഹത്തിൽ സംരംഭകത്വത്തിന് പുതിയ സാധ്യതകൾ തുറന്ന് ‘മലയാളി മാർക്കറ്റ് പ്ലേസ്’ ശ്രദ്ധേയമായി. ജോലി ചെയ്യുന്നവർക്കൊപ്പം ബിസിനസ് രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവരെയും പുതുസംരംഭകരെയും ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ടൊറന്റോ നോർത്ത് യോർക്കിൽ പരിപാടി സംഘടിപ്പിച്ചത്.
നോർത്ത് യോർക്കിലെ 105 Gordon Baker Road ഹാളിൽ നടന്ന പരിപാടിക്ക് കാനഡയിലെ കരിയർ ആൻഡ് ബിസിനസ് മെന്ററായ ബിജോ സെബാസ്റ്റ്യൻ നേതൃത്വം നൽകി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സംരംഭകരെ ഒരുമിച്ചുകൂട്ടിയാണ് മാർക്കറ്റ് പ്ലേസ് ഒരുക്കിയത്.
ഓണത്തോടനുബന്ധിച്ച് ഓൺലൈനിൽ മാത്രം ലഭ്യമായിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നേരിട്ട് കണ്ട് തിരഞ്ഞെടുക്കാനും വാങ്ങാനും പരിപാടിയിലൂടെ അവസരം ലഭിച്ചു. ഓഗസ്റ്റ് 15, 16 തീയതികളിലായി 600ലേറെ പേർ മാർക്കറ്റ് പ്ലേസ് സന്ദർശിച്ചു. മലയാളികൾക്ക് പുറമെ ഫിലിപ്പിനോ, തമിഴ് സമൂഹങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
പുതുസംരംഭകർക്ക് സൗജന്യ വേദി
പുതുതായി ബിസിനസ് ആരംഭിക്കുന്ന സംരംഭകരിൽ നിന്ന് ആദ്യഘട്ടത്തിൽ യാതൊരു ഫീസും ഈടാക്കാതെയാണ് മാർക്കറ്റ് പ്ലേസ് സംഘടിപ്പിച്ചത്. പരമ്പരാഗത പരസ്യരീതികൾക്ക് പകരം സോഷ്യൽ മീഡിയ പ്രൊഫൈൽ പബ്ലിസിറ്റിയിലൂടെയാണ് പരിപാടിയിലേക്ക് ആളുകളെ എത്തിച്ചത്.
ഐ.ടി. പ്രൊഫഷണലുകൾ, നഴ്സുമാർ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേരാണ് കാനഡയിലെ സംരംഭകത്വ സാധ്യതകൾ മനസ്സിലാക്കാനും സ്വന്തം ബിസിനസ് ആരംഭിക്കാനുമായി കൂട്ടായ്മയുടെ ഭാഗമാകുന്നത്.

‘മലയാളി ബിസിനസ് കോൺസോർഷ്യം’ പൈലറ്റ് പദ്ധതിക്കും തുടക്കം
ഭാവിയിലെ സംരംഭകർക്ക് മെന്ററിങ് നൽകുന്നതിനായി ‘മലയാളി ബിസിനസ് കോൺസോർഷ്യം’ (MBC) എന്ന പൈലറ്റ് പദ്ധതിക്കും ബിജോ സെബാസ്റ്റ്യൻ തുടക്കമിട്ടു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ‘One Week MBA – നിങ്ങൾക്കും സംരംഭകരാകാം’ എന്ന കൃതിയിലെ വ്യക്തിഗത ബ്രാൻഡിങ് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
സ്റ്റോക്ക് ക്ലിയറൻസ് സെയിൽ
ഓഗസ്റ്റ് 22, 23 തീയതികളിലും രാവിലെ 11 മണി മുതൽ ‘മലയാളി മാർക്കറ്റ് പ്ലേസ്’ സ്റ്റോക്ക് ക്ലിയറൻസ് സെയിലുമായി തുടരും. ഓഗസ്റ്റ് 23ന് Malayali Business Consortium-ന്റെ സോഫ്റ്റ് ലോഞ്ചും ഓണം ഡിന്നറും സംരംഭകരും കുടുംബാംഗങ്ങളും ചേർന്ന് സംഘടിപ്പിക്കും.
സംരംഭകത്വത്തിലേക്ക് കടക്കാൻ ആശയങ്ങളുള്ള തുടക്കക്കാർക്കും നവസംരംഭകർക്കും കൂട്ടായ്മയിലേക്ക് സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു. കാനഡയിലെ പ്രവാസി മലയാളികൾക്കും മറ്റ് പ്രവാസി സമൂഹങ്ങൾക്കും കേരളത്തിലെ യുവതലമുറയ്ക്കും സംരംഭകത്വത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
