വാഷിങ്ടണ്‍: കാനഡയുമായുളള വ്യാപാര ചര്‍ച്ചകള്‍ പൂര്‍ണ്ണമായും തകര്‍ന്നതിന് പിന്നാലെ കാനഡയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡയ്ക്ക് ഒരു അമേരിക്കന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന എല്ലാത്തരം സാമ്പത്തിക ആനുകൂല്യങ്ങളും താല്പര്യങ്ങളുമാണ് ആവശ്യമെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ അമേരിക്കയുടെ അന്‍പത്തൊന്നാമത്തെ സംസ്ഥാനമായി മാറാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നും ട്രംപ് പരിഹസിച്ചു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് കാനഡയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും പരിഹാസവും ചൊരിഞ്ഞത്.
നിരവധി വര്‍ഷങ്ങളായി അമേരിക്കന്‍ കര്‍ഷകര്‍ക്ക് മേല്‍ വന്‍തോതിലുള്ള നികുതി ഭാരമാണ് കാനഡ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇനി മുതല്‍ അത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ അനുവദിച്ച് നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി മടങ്ങിയ സാഹചര്യത്തിലാണ് വാഷിങ്്ടണ്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയത്.

അമേരിക്കന്‍ ഭരണകൂടം അവസാന നിമിഷം മുന്നോട്ടുവെച്ച കര്‍ശനവും അന്യായവുമായ നിബന്ധനകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കാര്‍ണി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സുരക്ഷിതത്വം ബലികഴിച്ചുകൊണ്ട് കരാറുകളില്‍ ഒപ്പുവെക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. വാഷിങ്ടണ്‍ തങ്ങളുടെ മേല്‍ സാമ്പത്തിക ഉപരോധങ്ങളും തടസ്സങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം വീടിന്റെ യജമാനന്മാരാണെന്നും വിദേശ രാജ്യങ്ങള്‍ക്ക് കീഴടങ്ങില്ലെന്നും മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും കാനഡ ഭരണകൂടം അറിയിച്ചു.
അമേരിക്കന്‍ നീക്കത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാനാണ് കാഡയുടെ തീരുമാനം. സെപ്റ്റംബര്‍ 8 മുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലും നികുതി അടിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. ഡോളറിന് ഡോളര്‍ എന്ന രീതിയില്‍ തിരിച്ചടി നല്‍കുമെന്നാണ് മാര്‍ക്ക് കാര്‍ണിയുടെ താക്കീത്. പ്രധാനമായും അമേരിക്കന്‍ സ്റ്റീല്‍, ഡയറി ഉല്‍പ്പന്നങ്ങളെ ലക്ഷ്യമിട്ടാണ് കാനഡയുടെ പുതിയ വ്യാപാര നിയന്ത്രണങ്ങള്‍. ഇതിലൂടെ അമേരിക്കയിലെ കാര്‍ഷിക, വ്യവസായ മേഖലയ്ക്ക് വലിയ തിരിച്ചടി നല്‍കാന്‍ കാനഡയ്ക്ക് സാധിക്കും. രണ്ട് സഖ്യരാഷ്ട്രങ്ങള്‍ തമ്മിലുള്ള വന്‍കിട വ്യാപാര പോര് ആഗോള സാമ്പത്തിക വിപണിയെയും ആശങ്കയിലാക്കുന്നു.
