ടെഹ്‌റാന്‍: ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ നടന്ന അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലെ ഒരു വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ആക്രമണത്തില്‍പ്പെട്ടത്. അതേസമയം, കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തേക്കാണ് മിസൈല്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ല.
ആക്രമണം നടന്ന സിറിക് ഹോര്‍മുസ് കടലിടുക്കിന് സമീപമാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക ആക്രമണം നടത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിച്ചതിനും ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക ക്യാമ്പിനുനേരെ മിസൈല്‍ ആക്രമണം നടത്തിയതിനുമുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് ട്രംപിന്റെ വാദം. ഹോര്‍മുസിലെ മൈനുകള്‍ നീക്കം ചെയ്തതായും ജോര്‍ദാനിലേക്ക് എത്തിയ എല്ലാ മിസൈലുകളും തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.
സംഭവത്തിന് പിന്നാലെ അമേരിക്കന്‍ നടപടിക്കെതിരെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഖേദിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു. അമേരിക്ക നടത്തിയ ക്രൂരവും ഹീനവുമായ ആക്രമണങ്ങളെ തുടര്‍ന്നാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് ഐആര്‍ജിസി പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന അമേരിക്ക.-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. പിന്നാലെ ഇറാനും മേഖലയിലുടനീളം പ്രത്യാക്രമണം നടത്തി. ഇപ്പോള്‍ വിവാഹച്ചടങ്ങിനിടെ നടന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ, ഹോര്‍മുസ് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യമാണ്.
