ഓട്ടവ: കാനഡയിലെ ഏറ്റവും സന്തുഷ്ട പ്രവിശ്യയായി കെബെക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ മാർക്കറ്റ് റിസർച്ച് കമ്പനിയായ ലെജർ (Leger) പുറത്തുവിട്ട 2026-ലെ ഹാപ്പിനസ് ഇൻഡക്സ് സർവേയിലാണ് കെബെക്ക് ഒന്നാം സ്ഥാനം നിലനിർത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് കെബെക്ക് ഈ നേട്ടം കൈവരിക്കുന്നത്.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കാനഡയിലെ ജനങ്ങളുടെ മൊത്തത്തിലുള്ള സന്തോഷ സൂചികയിൽ ഈ വർഷം കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ സന്തോഷ സൂചിക മുൻവർഷത്തെ 68.7-ൽ നിന്ന് 70.5 ആയി ഉയർന്നു.
പ്രവിശ്യകളിലെ റാങ്കിങ്
100-ൽ 74.5 സ്കോർ നേടിയാണ് കെബെക്ക് പട്ടികയിൽ ഒന്നാമതെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഇവിടെ 2.1 പോയിന്റിന്റെ വർദ്ധനവുണ്ടായി. 71.0 സ്കോറോടെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ രണ്ടാം സ്ഥാനത്തും, 70.3 സ്കോറോടെ ന്യൂബ്രൺസ് വിക് മൂന്നാം സ്ഥാനത്തുമെത്തി. അതേസമയം, അറ്റ്ലാന്റിക് പ്രവിശ്യകളായ നോവസ്കോഷ (67.7), പ്രിൻസ് എഡ്വേർഡ് ഐലൻഡ് (67.6) എന്നിവയാണ് സന്തോഷ സൂചികയിൽ ഏറ്റവും പിന്നിലുള്ളത്.

നഗരങ്ങളിൽ മൺട്രിയോൾ മുന്നിൽ
കാനഡയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള മത്സരത്തിൽ കെബെക്കിലെ മൺട്രിയോൾ നഗരം (72.7 സ്കോർ) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒന്റാരിയോയിലെ ബ്രാംപ്ടൺ (71.7) രണ്ടാം സ്ഥാനത്തും, ടൊറന്റോ (69.4) മൂന്നാം സ്ഥാനത്തുമുണ്ട്.
സന്തോഷത്തിന് പിന്നിൽ പണമല്ല!
സാമ്പത്തിക വളർച്ചയേക്കാൾ ഉപരിയായി മറ്റ് ചില ഘടകങ്ങളാണ് കെബെക്കുകാരുടെ സന്തോഷത്തിന് പിന്നിലെന്ന് സർവേ വ്യക്തമാക്കുന്നു. മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ (Work-life balance), കുറഞ്ഞ ജീവിതച്ചെലവ്, ശക്തമായ സാമൂഹിക സുരക്ഷിതത്വം, ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എന്നിവയാണ് കെബെക്കിനെ മുന്നിലെത്തിച്ചത്. പണത്തേക്കാൾ കുടുംബം, ആരോഗ്യം, സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്കാണ് കനേഡിയൻമാർ തങ്ങളുടെ ജീവിതത്തിൽ കൂടുതൽ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
