വാഷിങ്ടൺ: മിഡിലീസ്റ്റിലെ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. മേഖലയിലെ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലുള്ള ചില സൈനിക താവളങ്ങൾ ഒഴിവാക്കുന്നതും അമേരിക്ക പരിഗണിക്കുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള നിലവിലെ സംഘർഷം അവസാനിക്കുന്നതോടെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്താനാണ് അമേരിക്ക ആലോചിക്കുന്നത്. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. നേരത്തെ 2027ന്റെ തുടക്കത്തിൽ സൈനിക സാന്നിധ്യം കുറയ്ക്കുന്നത് പരിഗണിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇറാൻ സംഘർഷം അവസാനിച്ച ശേഷമുള്ള നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് നീക്കം.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച യുദ്ധങ്ങളും ഭീകരവിരുദ്ധ പ്രവർത്തനങ്ങളുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മിഡിലീസ്റ്റിൽ വലിയ സൈനിക സാന്നിധ്യം നിലനിർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ സൈനിക വിന്യാസം തുടരേണ്ടതുണ്ടോ എന്നതിൽ അമേരിക്കൻ ഉദ്യോഗസ്ഥർ പുനഃപരിശോധന നടത്തുകയാണ്.
അടുത്ത വർഷം മുതൽ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തുന്നതിനുള്ള വിവിധ സാധ്യതകൾ അമേരിക്ക പരിഗണിക്കുന്നതായാണ് വിവരം. അതേസമയം, ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സൈനിക നടപടികൾക്കും വ്യോമാക്രമണങ്ങൾക്കും ആവശ്യമായ ചില പ്രധാന കേന്ദ്രങ്ങൾ നിലനിർത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ആവശ്യമായ സമയത്ത് മാത്രം അമേരിക്കയിൽ നിന്ന് സൈനികരെയും സൈനിക ഉപകരണങ്ങളെയും മേഖലയിലേക്ക് എത്തിക്കുന്ന രീതിയും പരിഗണനയിലുണ്ട്.
നിലവിൽ മിഡിലീസ്റ്റിൽ ഏകദേശം 50,000 അമേരിക്കൻ സൈനികരാണ് വിന്യസിച്ചിട്ടുള്ളത്. രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒരു ഡസനിലേറെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും മേഖലയിലുണ്ട്. ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ പലതവണ ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇറാന്റെ ആക്രമണത്തിൽ തകർന്നതോ നശിച്ചതോ ആയ ചില സൈനിക കേന്ദ്രങ്ങൾ പുനർനിർമിക്കേണ്ടതില്ലെന്നും അമേരിക്ക തീരുമാനിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. സൈനിക കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിന് വലിയ തുക ചെലവാകുമെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
മേഖലയിലെ അമേരിക്കയുടെ പ്രധാന സൈനിക സാന്നിധ്യങ്ങളിലൊന്നായ ബഹ്റൈനിലെ അഞ്ചാം കപ്പൽപ്പടയുടെ കാര്യത്തിലും മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇവിടെ വിന്യസിച്ചിരുന്ന നാവികസേനാ ഉദ്യോഗസ്ഥർ ഉടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യു.എസ്. നാവികസേനാ മേധാവി അഡ്മിറൽ ഡാരിൽ കൗഡിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറാഖിൽ നിന്നുള്ള പിന്മാറ്റം സെപ്റ്റംബർ 30ന്
അതിനിടെ, ഇറാഖിലെ അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ ദൗത്യം സെപ്റ്റംബർ 30ന് അവസാനിക്കും. സഖ്യസേനയുടെ സൈനിക ദൗത്യം അവസാനിക്കുന്നതോടെ പുതിയ സഹകരണ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇറാഖ് സായുധസേന അറിയിച്ചു.
2024ൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് അമേരിക്കൻ സൈനികരുടെ പിന്മാറ്റം. ഇറാഖിലെ കുർദിഷ് സ്വയംഭരണ മേഖലയിലെ തലസ്ഥാനമായ എർബിലിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളും പിന്മാറ്റത്തിന്റെ ഭാഗമാകും. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടെ ഈ സംവിധാനങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു.
2003ലാണ് അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയത്. തുടർന്ന് നടന്ന സംഘർഷങ്ങളിലും ആഭ്യന്തര യുദ്ധത്തിലും ഏകദേശം രണ്ട് ലക്ഷം സാധാരണക്കാർ കൊല്ലപ്പെട്ടതായി വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. 2011ൽ അമേരിക്കൻ സൈന്യം ഇറാഖിൽ നിന്ന് പിന്മാറിയെങ്കിലും ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി 2015ൽ വീണ്ടും സൈനിക സാന്നിധ്യം സ്ഥാപിക്കുകയായിരുന്നു.
മിഡിലീസ്റ്റിലെ ദീർഘകാല സൈനിക ഇടപെടലിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നതിനുള്ള അമേരിക്കയുടെ പുതിയ നീക്കമായാണ് സൈനിക വിന്യാസം കുറയ്ക്കാനുള്ള പദ്ധതിയെ വിലയിരുത്തുന്നത്.
