കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി കേസ്. വ്യാജവും നിയമവിരുദ്ധവുമായ കരാര്‍ നിര്‍മിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചെന്ന് എഫ്‌ഐആര്‍. ഭാരതീയ ന്യായ സംഹിതയിലെ (BNS) 318, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അനധികൃത ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ചാനലിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം വിട്ടുനല്‍കുമ്പോള്‍ നിക്ഷേപിക്കേണ്ടിയിരുന്ന 5 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിക്കൊടുത്തതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസില്‍ പൊലീസ് നടത്തുന്ന പരിശോധനയോട് മാനേജ്മെന്റ് സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്‍ അറിയിച്ചു. എന്നാല്‍, ചാനല്‍ ഓഫീസിലെ പൊലീസ് പരിശോധന സ്വാഭാവിക അന്വേഷണ നടപടികളുടെ ഭാഗം മാത്രമാണെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് വ്യക്തമാക്കി. കൃത്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ, നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
