കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതാണെന്ന് ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്ര കമ്മിറ്റി അംഗമെന്ന സ്ഥാനം സംസ്ഥാന സെക്രട്ടേറിയറ്റിന് മുകളിലാണെന്നും മുതിര്‍ന്ന നേതാക്കള്‍ മാറിയാല്‍ മാത്രമേ പുതിയ ആളുകള്‍ക്ക് കടന്നുവരാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മാറ്റാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പാര്‍ട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഔപചാരികമായ ഏകസ്വരമല്ല, മറിച്ച് ഫലപ്രദമായ ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തുടര്‍ച്ചയായ ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തില്‍ കുറവുണ്ടായെന്നും കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ട്ടി ബഹുജന സംഘടനകള്‍ നിര്‍ജീവമായിരുന്നുവെന്നും തോമസ് ഐസക് സ്വയംവിമര്‍ശനം ഉന്നയിച്ചു. ഭരണം കൊണ്ടുമാത്രം ജനസ്വാധീനം നിലനിര്‍ത്താനാകില്ല. പാര്‍ട്ടി അംഗീകരിച്ച രണ്ട് രേഖകളിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. വോട്ട് മറിച്ച് നല്കിയ പാര്‍ട്ടി അനുഭാവികള്‍ തെറ്റുതിരുത്തി തിരികെ വരണം. ജനങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് വാദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇനി കൂടുതല്‍ സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് സംസാരിക്കവെ വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റി നിര്‍ത്തി നടപടിയെടുത്ത വിഷയം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അത് വി.എസിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ലെന്നും കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളുടെ മേലുള്ള ശക്തമായ നിയന്ത്രണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആ നിയന്ത്രണവും ശൈലിയും കൈവിട്ടാല്‍ സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
