Monday, October 12, 2026

‘എസ്ഐആറില്‍ ഗുരുതര ക്രമക്കേടുകള്‍’: സുപ്രിംകോടതിയില്‍ ഹരജി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എസ്ഐആര്‍ (SIR) നടപടികളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നും, നിയമവിരുദ്ധമായി വോട്ടര്‍മാരെ ഒഴിവാക്കിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കി. നിര്‍ണായകമായ എസ്ഐആര്‍ നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും, വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഭാഷകര്‍ ഫയല്‍ ചെയ്ത ഈ ഹരജി നാളെ (ഒക്ടോബര്‍ 13) കോടതി പരിഗണിക്കും.

നേരത്തെ ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഗാന്ധി അനുമതി തേടിയിരുന്നു. എന്നാല്‍ ഇതേ വിഷയത്തിലുള്ള ഹരജികള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. വിഷയം ചൂണ്ടിക്കാട്ടി ഹരജി സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും, ഒക്ടോബര്‍ 13-ന് കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹരജി കൂടി ഉള്‍പ്പെടുത്താമെന്നും ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയെ സമീപിച്ചത്.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ (INDIA) സഖ്യം പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍ എന്നിവരടങ്ങുന്ന സംഘം പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രിംകോടതിയിലേക്ക് തിരിഞ്ഞത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റാഫി മാര്‍ഗ്, അശോക മാര്‍ഗ് വഴി സുപ്രിംകോടതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ ബാരക്കമ്പയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസും സുരക്ഷാ സേനയും നിലയുറപ്പിച്ചിട്ടുണ്ട്. ബാരക്കമ്പയിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!