ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ അപ്രതീക്ഷിത നീക്കവുമായി സിജെപി. സിജെപി നേതാക്കള്‍ ജന്തര്‍മന്തറിലേക്ക് ചാടിക്കടന്നു. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവരാണ് സുരക്ഷാവേലികള്‍ ഭേദിച്ച് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്. ദേശീയ പതാകയേന്തി സ്ഥലത്തേക്ക് കുതിച്ചെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി രാജ്യതലസ്ഥാനത്തെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൈകളില്‍ ദേശീയ പതാകയേന്തി ഗേറ്റ് ചാടിക്കടക്കുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായെങ്കിലും, അധികം വൈകാതെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ജന്തര്‍ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സി.ജെ.പി നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ എത്രയൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പ്രക്ഷോഭത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെ വ്യക്തമാക്കി. അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരത്തിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
