വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ബോട്ട് യാത്രയ്ക്കിടെ ചെളിത്തിട്ടയിൽ കുടുങ്ങിയ 150ഓളം വിദ്യാർഥികളെയും രക്ഷിതാക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നോർത്ത് വൻകൂവറിലെ സതർലൻഡ് സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി നടത്തിയ ആഘോഷയാത്രയ്ക്കിടെയാണ് സംഭവം.
അയൺവർക്കേഴ്സ് മെമ്മോറിയൽ പാലത്തിന് സമീപമുള്ള മാപ്പിൾവുഡ് ചെളിത്തിട്ടയിലാണ് സ്പിരിറ്റ് ക്രൂയിസസിന്റെ പ്രൈഡ് ഓഫ് വൻകൂവർ ബോട്ട് കുടുങ്ങിയത്. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി.

റോയൽ കനേഡിയൻ മറൈൻ സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും തീരസംരക്ഷണ സേനയും ചേർന്ന് ഹോവർക്രാഫ്റ്റ് ഉപയോഗിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലായി എല്ലാവരെയും വൻകൂവറിലെ ഹാർബർ ഗ്രീൻ പാർക്കിലെത്തിച്ചു. ബോട്ടിനുള്ളിൽ വെള്ളം കയറിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
പരിപാടി രക്ഷിതാക്കൾ സംഘടിപ്പിച്ചതും അവരുടെ ഫണ്ട് ഉപയോഗിച്ച് നടത്തിയതുമാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇത് സ്കൂളിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നും ആസൂത്രണത്തിൽ സ്കൂളിന് പങ്കില്ലെന്നും നോർത്ത് വൻകൂവർ സ്കൂൾ ഡിസ്ട്രിക്ട് അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട് എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും അധികൃതർ നന്ദി അറിയിച്ചു.
