റിയാദ്: എബോള വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് സൗദി അറേബ്യ താല്കാലികമായി വിലക്കേര്‍പ്പെടുത്തി. രോഗപ്പകര്‍ച്ച തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം നടപ്പിലാക്കിയത്. പുതിയ ഉത്തരവ് പ്രകാരം സൗദി പൗരന്മാര്ക്ക് കെനിയയിലേക്ക് യാത്രാ അനുമതിയുണ്ടാകില്ല. കൂടാതെ, കെനിയയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നല്കുന്ന എല്ലാത്തരം വിസകളുടെയും വിതരണവും സൗദി അധികൃതര്‍ താല്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
കെനിയയില്‍ നിന്നോ മറ്റ് എബോള ബാധിത മേഖലകളില്‍ നിന്നോ നേരിട്ടോ അല്ലാതെയോ സൗദിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ബാധകമാണ്. സൗദിയിലെത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ ഇത്തരം പ്രദേശങ്ങള്‍ സന്ദര്ശിച്ചവര്ക്കോ താമസിച്ചവര്ക്കോ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കില്ല. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുമായി സഹകരിച്ച് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ സൗദി അറേബ്യയ്ക്കുള്ളിലെ ആരോഗ്യ സാഹചര്യം പൂര്‍ണമായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന് എന്നീ രാജ്യങ്ങളിലേക്കും സൗദി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കെനിയക്കെതിരെയും മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലും അതിര്‍ത്തി കവാടങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
