Monday, November 9, 2026

‘മുഴുവന്‍ ഹിന്ദുക്കളെയും പുറത്താക്കണം’; U.Sല്‍ ദീപാവലി ആഘോഷത്തിനിടെ തീവ്ര വലതുപക്ഷ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷ പരിപാടികള്‍ക്കിടയിലേക്ക് അതിക്രമിച്ചുകയറി തീവ്ര വലതുപക്ഷ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രകടനം. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ ഹിന്ദുവിരുദ്ധവും വംശീയവുമായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച രണ്ടുപേരെ സുരക്ഷാ ജീവനക്കാര്‍ വേദിയില്‍നിന്ന് പുറത്താക്കി. സംഭവത്തില്‍ യുഎസ് ജനപ്രതിനിധികളും ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നവംബര്‍ ഏഴ് ശനിയാഴ്ച സിയാറ്റില്‍ സെന്റര്‍ ആര്‍മറിയില്‍ കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെ കുടുംബങ്ങള്‍ ഒത്തുകൂടി ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് തീവ്ര യാഥാസ്ഥിതിക പ്രവര്‍ത്തകരായ ജേക്ക് ലാങ്, തോമസ് അലന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. തെക്കേ ഏഷ്യന്‍ വംശജരെയും പ്രത്യേകിച്ച് ഹിന്ദുക്കളെയും വംശീയമായി അധിക്ഷേപിക്കുന്ന വാചകങ്ങളും ക്രിസ്ത്യാനികള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ‘ഗ്രേറ്റ് റീപ്ലേസ്‌മെന്റ്’ ഗൂഢാലോചന സിദ്ധാന്തം ഉയര്‍ത്തുന്നതുമായ പ്ലക്കാര്‍ഡുകളാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്. ഇത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുമായി വാക്കേറ്റത്തിന് ഇടയാക്കുകയും തുടര്‍ന്ന് ഇവരെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കുകയുമായിരുന്നു.

2021 ജനുവരി ആറിലെ യുഎസ് കാപിറ്റോള്‍ ആക്രമണക്കേസിലെ പ്രതിയായ ജേക്ക് ലാങ്, മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഫെഡറല്‍ കസ്റ്റഡിയില്‍നിന്ന് മോചിതനായത്. നിലവില്‍ ‘വൈറ്റ് റീപ്ലേസ്‌മെന്റ്’ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ലാങ്, സമൂഹമാധ്യമങ്ങളിലൂടെ കുടിയേറ്റ വിരുദ്ധ-ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നയാളാണ്. സംഭവത്തിനു ശേഷം ആഘോഷത്തില്‍ പങ്കെടുത്തവര്‍ തങ്ങളെ ആക്രമിച്ചതായി ലാങ് എക്സില്‍ ആരോപിച്ചു.

സംഭവത്തെ യുഎസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍ ശക്തമായി അപലപിച്ചു. ഇത് തികച്ചും വംശീയവും വെറുപ്പുളവാക്കുന്നതുമായ പ്രകടനമാണെന്നും, ഭയമില്ലാതെ തങ്ങളുടെ മതപരമായ ആഘോഷങ്ങള്‍ നടത്താന്‍ ഹിന്ദു-അമേരിക്കന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും അവര്‍ എക്സില്‍ കുറിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാരെയും ഹിന്ദു സമൂഹത്തെയും വംശീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി അജയ് ജെയിന്‍ ഭൂട്ടോറിയയും പ്രതികരിച്ചു. വരും ദിവസങ്ങളില്‍ മറ്റ് ആഘോഷ പരിപാടികളും ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിയാറ്റിലിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കൊയലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!