ഓട്ടവ: കാര്‍ണി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിലെ പ്രധാന നികുതി ഇളവ് നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡറുമായ പിയേര്‍ പൊളിയേവ്. കനേഡിയന്‍ കമ്പനികളുടെ യോഗ്യതയുള്ള ഓഹരി വില്‍പ്പനയിലെ 1.5 കോടി (15 മില്യണ്‍) ഡോളറിന്റെ കാപ്പിറ്റല്‍ ഗെയിന്‍സ് നികുതി ഇളവ് വളരെ പരിമിതമായ മേഖലകള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്ന് അദ്ദേഹം ആരോപിച്ചു.
കൃഷി, മത്സ്യബന്ധനം, വനപരിപാലനം, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, റസ്റ്റോറന്റ്, വിനോദം തുടങ്ങിയ പ്രധാന മേഖലകളെ ഈ പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ഈ നികുതി ഇളവ് കൊണ്ട് ഭൂരിഭാഗം സംരംഭകര്‍ക്കും പ്രയോജനമില്ലെന്നും ഇത് സാമ്പത്തിക വ്യവസ്ഥയില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുക മാത്രമേ ചെയ്യൂ എന്നും ‘റോസ്‌മേരി ബാര്‍ട്ടണ്‍ ലൈവ്’ പരിപാടിയില്‍ സംസാരിക്കവെ പൊളീവ് വ്യക്തമാക്കി. കാനഡയില്‍ വീണ്ടും നിക്ഷേപം നടത്തുന്ന തുകയുടെ കാപ്പിറ്റല്‍ ഗെയിന്‍സ് നികുതി പൂര്‍ണ്ണമായി ഒഴിവാക്കുന്ന ലളിതമായ രീതിയാണ് നടപ്പിലാക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വന്‍കിട കമ്പനികള്‍ക്കും സിഇഒമാര്‍ക്കും വേണ്ടി മാത്രമാണ് ബജറ്റിലെ ഭൂരിഭാഗം തുകയും വകയിരുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിപി നേതാവ് ആവി ലൂയിസും ബജറ്റിനെതിരെ രംഗത്തെത്തി. പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ 9,800 കോടി ഡോളര്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കുമായി മാറ്റി വെച്ചപ്പോള്‍ 4,800 കോടി ഡോളര്‍ മാത്രമാണ് ജനക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ആരോപണങ്ങളെ ധനമന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍ പ്രതിരോധിച്ചു. സര്‍ക്കാര്‍ കണ്ടെത്തുന്ന അധിക വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും, മൂന്നില്‍ ഒന്ന് ഭാഗം സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസമെത്തിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പലചരക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും ഇന്ധന നികുതി ഇളവ് നീട്ടിയതും അടക്കമുള്ള നടപടികള്‍ ജനങ്ങള്‍ക്ക് ഉടനടി പ്രയോജനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
