വാഷിങ്ടൺ: അമേരിക്കയിലെ കുടിയേറ്റ നിയന്ത്രണ നയങ്ങൾ കടുത്തുപോയെന്ന വിലയിരുത്തലുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തിയ നടപടി ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്നും ചില വോട്ടർമാരെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും ട്രംപ് സമ്മതിച്ചു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുടിയേറ്റ നയങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരേസമയം നേട്ടവും നഷ്ടവും ഉണ്ടാക്കിയെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. തന്റെ സമീപനം കുറച്ചുകൂടി കടുത്തുപോയെന്ന് കരുതുന്നവരുണ്ടെന്നും എന്നാൽ നടപടികളെ പിന്തുണയ്ക്കുന്നവരും ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ നിയന്ത്രണ നടപടികൾക്കും കുറ്റവാളികളെ നാടുകടത്തിയതിനും മികച്ച അംഗീകാരം ലഭിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ, നിയമവിരുദ്ധമായി അമേരിക്കയിലെത്തിയെന്ന കാരണത്താൽ മാത്രം വർഷങ്ങളായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവരെയും തിരിച്ചയക്കേണ്ടിവന്നത് രാഷ്ട്രീയമായി തിരിച്ചടിയായെന്ന് അദ്ദേഹം സമ്മതിച്ചു.
നല്ല ജോലികൾ ചെയ്തിരുന്ന നിരവധി പേരെയും നാടുകടത്തിയതായി ട്രംപ് പറഞ്ഞു. ഇവരിൽ പലരും വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിരുന്നവരാണ്. ലാൻഡ്സ്കേപ്പിങ് കമ്പനികൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരെ രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗം വോട്ടർമാരുടെ നിലപാട്. എന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന എല്ലാവരെയും പുറത്താക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റ വിഷയത്തിൽ ഡെമോക്രാറ്റുകളുമായി സഹകരിക്കാനും ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾക്ക് നിയന്ത്രണം ലഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. കുടിയേറ്റ പ്രശ്നത്തിന് ഇരുപാർട്ടികളും ചേർന്ന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിലവിലെ കുടിയേറ്റ നിയന്ത്രണ നയങ്ങളിൽ മാറ്റം വരുത്തുമോ എന്ന കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.
ഇതിനിടെ, വൈറ്റ് ഹൗസിലെ സുപ്രധാന ഉദ്യോഗസ്ഥ മാറ്റവും ശ്രദ്ധേയമായി. ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് സൂസി വൈൽസിനെ മാറ്റി സ്റ്റീഫൻ മില്ലറെ നിയമിച്ചതായാണ് റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മില്ലർ. മാർ-എ-ലാഗോയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപിനോടുള്ള പൂർണ വിശ്വസ്തതയും സമർപ്പണവും തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളോടുള്ള അതൃപ്തി ട്രംപിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളിലൊന്നായിരുന്നു. അമേരിക്ക-മെക്സിക്കോ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റം അന്ന് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുകയും ചെയ്തിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ കടുത്ത നിയന്ത്രണ നടപടികൾ ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
