Monday, November 9, 2026

കെബെക്കിലെ ഒർമ്സ്ടൗണിൽ വീണ്ടും ദുരൂഹ തീപിടിത്തം; പിസേറിയ പൂർണ്ണമായും കത്തിനശിച്ചു; ജനങ്ങൾ ഭീതിയിൽ

മൺട്രിയോൾ: കെബെക്കിലുള്ള ഒർമ്സ്ടൗൺ നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും ദുരൂഹ തീപിടിത്തം. ലാംബ്‌ടൺ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ ‘പിസേറിയ ഒർമ്സ്ടൗൺ’ (മുമ്പ് പിസ്സ സാറ – Pizza Sara) റസ്റ്റോറന്റ് വൻ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ 2:30-ഓടെയാണ് സംഭവം. റസ്റ്റോറന്റ് അടച്ചിട്ടിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.

തുടർക്കഥയാകുന്ന അക്രമങ്ങൾ; മനഃപൂർവം തീയിട്ടതെന്ന് സംശയം

തീപിടിത്തത്തിന് പിന്നിൽ ക്രിമിനൽ അട്ടിമറിയാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. തീപിടിത്തത്തിന് ആക്കം കൂട്ടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചില വസ്തുക്കൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പ്രവിശ്യാ പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ മേഖലയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുണ്ടാകുന്ന നാലാമത്തെ ദുരൂഹ തീപിടിത്തമാണിത്. കഴിഞ്ഞ ജൂലൈയിൽ ‘കാസ വെനീസിയ’ (Casa Venezia) എന്ന പിസ്സ റസ്റ്റോറന്റും, സെപ്റ്റംബറിൽ ‘എക്സ്പ്രസ് 57’ (Express 57) എന്ന റസ്റ്റോറന്റും സമാനമായ രീതിയിൽ അക്രമിക്കപ്പെട്ടിരുന്നു.

രണ്ടാമത്തെ ശ്രമത്തിൽ റസ്റ്റോറന്റ് ചാരമാക്കി

കത്തിനശിച്ച ഈ പിസേറിയക്ക് നേരെ ദിവസങ്ങൾക്ക് മുമ്പ്, അതായത് നവംബർ 4-ന് പുലർച്ചെയും ഒരു അക്രമശ്രമം നടന്നിരുന്നു. അന്ന് റസ്റ്റോറന്റിന് നേരെ പെട്രോൾ ബോംബ് (Molotov cocktail) എറിയുകയായിരുന്നു. എന്നാൽ അന്ന് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് 27 വയസ്സുകാരനായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ അറസ്റ്റ് നടന്ന് ദിവസങ്ങൾക്കകമാണ് റസ്റ്റോറന്റിനെ പൂർണ്ണമായും നശിപ്പിച്ചുക്കൊണ്ട് അടുത്ത ആക്രമണം ഉണ്ടായത്.

ഭരണകൂടം അടിയന്തിര ഇടപെടലിന്

തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങൾ ഒർമ്സ്ടൗണിലെ വ്യാപാരികൾക്കിടയിലും ജനങ്ങൾക്കിടയിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രദേശത്ത് സുരക്ഷയും പൊലീസ് സാന്നിധ്യവും വർദ്ധിപ്പിക്കുന്നതിനായി ഒർമ്സ്ടൗൺ മേയർ ഫിലിപ്പ് ബെസോംബ്സ് (Philippe Besombes), കെബെക്കിന്റെ പബ്ലിക് സേഫ്റ്റി മന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!