ടൊറന്റോ: കാനഡയിലെ വിദ്യാര്‍ത്ഥികളുടെ സാക്ഷരതാ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായി പുതിയ പഠന റിപ്പോര്‍ട്ട്. ‘ദി അരിസ്റ്റോട്ടില്‍ ഫൗണ്ടേഷന് ഫോര്‍ പബ്ലിക് പോളിസി’ (The Aristotle Foundation for Public Policy) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കുന്ന മൂന്നിലൊന്നിലധികം വിദ്യാര്‍ത്ഥികള്‍ക്കും (38 ശതമാനം) കൃത്യമായി വായിക്കാന്‍ സാധിക്കുന്നില്ല. നാലാം ക്ലാസില്‍ എത്തുന്നവരില്‍ 20 മുതല്‍ 56 ശതമാനം വരെ കുട്ടികള്‍ക്കും പ്രവിശ്യകളുടെ വ്യത്യാസമനുസരിച്ച് വായനാശേഷിയില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് കുട്ടികളെ വായിക്കാന്‍ പഠിപ്പിക്കുന്ന രീതിയില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
25 വര്‍ഷം മുന്‍പുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഇന്നത്തെ പത്താം ക്ലാസുകാര്‍ വായനയില്‍ രണ്ടോ മൂന്നോ വര്‍ഷം പിന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ ‘വായിക്കാന്‍ പഠിക്കുന്ന’ ഘട്ടത്തില്‍ നിന്ന് ‘പഠിക്കാന്‍ വേണ്ടി വായിക്കുന്ന’ ഘട്ടത്തിലേക്ക് മാറുന്ന നിര്‍ണ്ണായക സമയമാണ് മൂന്ന്, നാല് ക്ലാസുകള്‍. നാലാം ക്ലാസിനുള്ളില്‍ വായിക്കാന്‍ പഠിക്കാത്ത കുട്ടികള്‍ക്ക് മുതിര്‍ന്നതിന് ശേഷവും ആ കഴിവ് നേടാന്‍ പ്രയാസമായിരിക്കുമെന്നും, ഉയര്‍ന്ന ക്ലാസുകളിലേക്ക് പോകുമ്പോള്‍ അടിസ്ഥാന വായനാ പരിശീലനത്തിന് സ്കൂളുകള്‍ പ്രാധാന്യം നല്കാത്തതിനാല് ഇവര്‍ പഠനത്തില്‍ പിന്നോട്ട് പോകുമെന്നും ഫൗണ്ടേഷന് മുന്നറിയിപ്പ് നല്കുന്നു.

വിവിധ പ്രവിശ്യകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2021-ല്‍ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയ ആല്‍ബര്‍ട്ട മാത്രമാണ് 80 ശതമാനം വായനാശേഷി കൈവരിച്ച് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മാനിറ്റോബയില്‍ 2024-ലെ കണക്കനുസരിച്ച് 44.9 ശതമാനം മൂന്നാം ക്ലാസുകാര്‍ക്ക് മാത്രമാണ് നിശ്ചിത നിലവാരം പുലര്‍ത്താനായത്. ബ്രിട്ടീഷ് കൊളംബിയയില്‍ 30 ശതമാനം നാലാം ക്ലാസുകാരും, ക്യൂബെക്കില്‍ 31 ശതമാനം നാലാം ക്ലാസുകാരും വായനാ നിലവാരത്തില്‍ പിന്നിലാണ്.
നിലവില്‍ പല സ്കൂളുകളും പിന്തുടരുന്ന ‘ബാലന്‍സ്ഡ് ലിറ്ററസി’ (Balanced Literacy) രീതിക്ക് പകരം, അക്ഷരങ്ങളുടെ ശബ്ദങ്ങളും അക്ഷരമാലയും കൃത്യമായി വേര്‍തിരിച്ച് പഠിപ്പിക്കുന്ന ‘സ്ട്രക്ചേര്‍ഡ് ലിറ്ററസി’ അഥവാ ഫോണിക്സ് (Structured Literacy / Phonics) രീതി നിര്‍ബന്ധമാക്കണമെന്ന് ഫൗണ്ടേഷനിലെ സീനിയര്‍ ഫെല്ലോ ഡേവിഡ് ലിവിംഗ്സ്റ്റണ് ആവശ്യപ്പെട്ടു. വാക്കുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് ഊഹിച്ചെടുക്കാന്‍ പഠിപ്പിക്കുന്നതിന് പകരം നേരിട്ടുള്ള ശാസ്ത്രീയ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നും, ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും പാഠ്യപദ്ധതിയില്‍ മാറ്റവും വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കുട്ടികള്‍ക്ക് ചെറുപ്പത്തിലേ വായനാശേഷി ലഭിക്കാതെ പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനക്ഷമത കുറയുന്നതിനും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
