ടൊറന്റോ: വീടുകയറി ആക്രമിക്കുന്നവരിൽ നിന്ന് സ്വയരക്ഷയ്ക്കും കുടുംബത്തിന്റെ സുരക്ഷയ്ക്കുമായി പ്രതിരോധിക്കുന്ന വീട്ടുടമകൾക്ക് കൂടുതൽ നിയമപരിരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്റാരിയോ സർക്കാർ. ഇതിനായി കാനഡയുടെ ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവിശ്യയിലെ അറ്റോർണി ജനറൽ ഡഗ് ഡൗണിയും സോളിസിറ്റർ ജനറൽ മൈറൺ കെർസ്നറും ഫെഡറൽ നീതിന്യായ മന്ത്രി സീൻ ഫ്രേസറിന് കത്തയച്ചു.
ഇന്ന് പുറത്തുവിട്ട തുറന്ന കത്തിൽ, വീടുകയറി ആക്രമിക്കുന്ന സാഹചര്യങ്ങളിൽ വീട്ടുടമകൾക്ക് സ്വയരക്ഷയ്ക്കുള്ള നിയമപരമായ അവകാശങ്ങൾ കൂടുതൽ വ്യക്തമായി നിർവചിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സ്വന്തം വീടുകളിലും കുടുംബാംഗങ്ങൾക്കൊപ്പവും സുരക്ഷിതരാണെന്ന വിശ്വാസം ജനങ്ങളിൽ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നു.
ടൊറന്റോ മേഖലകളിലുണ്ടായ രണ്ട് അക്രമാസക്തമായ സംഭവങ്ങളാണ് പുതിയ നീക്കത്തിന് പിന്നിൽ. ഈ ആഴ്ച ആദ്യം കാസ ലോമയ്ക്ക് സമീപമുള്ള പോപ്ലർ പ്ലെയിൻസ് റോഡിലെ വീട്ടിൽ പുലർച്ചെ 2.30ഓടെ അതിക്രമിച്ചുകയറിയ അക്രമികൾ വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 39കാരനായ സംഗീതജ്ഞൻ മൈക്കൽ എക്കർട്ടിനാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
ഇതിന് ഒരു മാസത്തിനുള്ളിൽ ടൊറന്റോയിലെ ബ്രൈഡിൽ പാത്ത് മേഖലയിലും വീടുകയറിയുള്ള ഒരു ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് വെടിയേൽക്കുകയും മറ്റൊരാളെ ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ ഹാമിൽട്ടണിലെ സ്റ്റോണി ക്രീക്ക് മൗണ്ടനിലും വീടുകയറിയുള്ള അതിക്രമത്തിൽ വീട്ടുടമയ്ക്ക് പരുക്കേറ്റിരുന്നു.
ഈ വർഷം ഇതുവരെ ടൊറന്റോയിൽ മാത്രം ഇതേപോലെയുള്ള 111 അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 30 ശതമാനത്തിന്റെ വർധനയാണിത്.
സ്വയരക്ഷയ്ക്കായി ഉപയോഗിക്കുന്ന ബലപ്രയോഗം ന്യായവും സാഹചര്യത്തിന് ആനുപാതികവുമായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ നിയമപരിരക്ഷ കൂടുതൽ വ്യക്തമാക്കണമെന്നാണ് ആവശ്യം.

ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, സ്വന്തം കൈവശം തോക്കുണ്ടെന്നും ആരെങ്കിലും വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയാൽ ഉടൻ പ്രതിരോധിക്കുമെന്നും പറഞ്ഞു.
വീടുകയറിയുള്ള അതിക്രമ സംഭവങ്ങളുണ്ടായാൽ കുടുംബത്തെ സംരക്ഷിക്കാൻ ലഭ്യമായ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ എല്ലാവരും തോക്ക് വാങ്ങണമെന്നാണോ നിർദേശിക്കുന്നതെന്ന ചോദ്യത്തിന്, താൻ സ്വന്തം കാര്യമാണ് പറഞ്ഞതെന്നായിരുന്നു ഫോർഡിന്റെ മറുപടി.
നിലവിലെ നിയമത്തിലും സ്വയരക്ഷയ്ക്ക് അവകാശമുണ്ട്
അതേസമയം, കാനഡയുടെ ക്രിമിനൽ കോഡ് പ്രകാരം നിലവിൽത്തന്നെ സ്വന്തം ജീവനും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷയ്ക്കായി പ്രതിരോധിക്കാൻ വ്യക്തികൾക്ക് ശക്തമായ നിയമപരമായ അവകാശങ്ങളുണ്ടെന്ന് ടൊറന്റോ ക്രിമിനൽ അഭിഭാഷകൻ ജോസഫ് ന്യൂബർഗർ വ്യക്തമാക്കി.
എന്നാൽ ഉപയോഗിക്കുന്ന ബലം നേരിടുന്ന ഭീഷണിക്ക് ആനുപാതികവും ന്യായവുമാണെന്ന് തെളിയിക്കേണ്ടതുണ്ട്. നിയമപരമായി തോക്ക് കൈവശമുള്ളവർക്ക് സ്വയരക്ഷയ്ക്കായി അത് ഉപയോഗിക്കാനാകുമെങ്കിലും തനിക്കോ കുടുംബത്തിനോ ജീവന് ഭീഷണിയുണ്ടെന്നതിന് വ്യക്തമായ സാഹചര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വയരക്ഷാ അവകാശവും ബലപ്രയോഗത്തിന്റെ പരിധിയും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും അമേരിക്കയിലെ നിയമവ്യവസ്ഥയിൽ നിന്ന് കാനഡയുടെ സമീപനം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
