ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഫൈനലിൽ എത്താതെ ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സെക്ഷൻ കമ്മിറ്റിയെ പിരിച്ച് വിട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).
ചേതൻ ശർമ (നോർത്ത് സോൺ), ഹർവിന്ദർ സിങ് (സെൻട്രൽ സോൺ), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരായിരുന്നു സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ.
നേരത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീഡിയോ പത്രസമ്മേളനത്തിലൂടെ ഇന്ത്യയുടെ ന്യൂസിലൻഡ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത് ചേതൻ ശർമ്മയാണ്. 2020 ഒക്ടോബറിൽ സുനിൽ ജോഷിയ്ക്ക് പകരക്കാരനായാണ് ശർമ്മ സെലക്ഷൻ കമ്മിറ്റി ചെയർമാനായത്.
ചേതൻ ശർമ്മ ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്ത്യൻ ടീം ദ്വിരാഷ്ട്ര പരമ്പരകളിൽ വൻ നേട്ടങ്ങൾ കൊയ്തെങ്കിലും വലിയ ടൂർണമെന്റുകളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഏഷ്യകപ്പ്, ടി20 ലോകകപ്പ് തുടങ്ങിയവയിൽ ഇന്ത്യക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്നത് ശർമ്മയ്ക്കും കൂട്ടർക്കും തിരിച്ചടിയായി.
അതേസമയം, പുതിയ സെലക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. അഞ്ച് പേർക്കാണ് അവസരം ലഭിക്കുക. കുറഞ്ഞത് 5 വർഷം മുൻപെങ്കിലും ക്രിക്കറ്റിൽ നിന്നു വിരമിച്ചവരായിരിക്കണം. ഈ മാസം 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി.
