വിക്ടോറിയ മേഖലയിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിക്കുന്നതിനാൽ വാൻകൂവർ ഐലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു.
ഗ്രേറ്റർ വിക്ടോറിയ, സൗത്തേൺ ഗൾഫ് ഐലൻഡ്, ഈസ്റ്റേൺ വാൻകൂവർ ഐലൻഡ്, വെസ്റ്റേൺ വാൻകൂവർ ഐലൻഡ്, ഇൻലാൻഡ് വാൻകൂവർ ഐലൻഡ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.
ഗ്രേറ്റർ വിക്ടോറിയ, സൗത്തേൺ ഗൾഫ് ഐലൻഡ്, കോവിച്ചാൻ ലേക്ക്, പോർട്ട് റെൻഫ്രൂ, ഈസ്റ്റേൺ വാൻകൂവർ ഐലൻഡ് എന്നിവിടങ്ങളിൽ 10 മുതൽ 15 സെന്റീമീറ്റർ വരെയും ഡങ്കൻ മുതൽ ഫാനി ബേ വരെ 20 സെന്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും എൻവയോൺമെന്റ് കാനഡ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് കാരണമാകുന്ന ഒരു ന്യൂനമർദ്ദം ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. “വാൻകൂവർ ഐലൻഡിൽ നാളെ രാവിലെയും മറ്റു പ്രദേശങ്ങളിൽ നാളെ ഉച്ചയോടെയും മഞ്ഞുവീഴ്ച്ച കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി,” എൻവയോൺമെന്റ് കാനഡ പറഞ്ഞു.
“ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയവയിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് കാരണം നാവിഗേറ്റ് ചെയ്യാൻ ബുദ്ധിമുട്ടായേക്കാം.” കൂടാതെ മാറിവരുന്ന റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ ഡ്രൈവിംഗ് ക്രമീകരിക്കാൻ തയ്യാറാകുക, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.
വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ തിങ്കളാഴ്ച റദ്ദാക്കുകയോ വൈകുകയോ ചെയ്തു. വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
