ഇന്ത്യയില്‍ മഴ ഒരാശ്വാസമാകുമ്പോള് മരുവശത്ത് കനചൂടില് വെന്തുരുകുകയാണ് അമേരിക്കയിലും യൂറോപ്പലുമുളള ജനങ്ങള്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയിലാണ് അമേരിക്ക. 11 കോടി ജനങ്ങളെയാണ് ഉഷ്ണതരംഗം ബാധിച്ചിരിക്കുന്നത്. യുഎസില്‍ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ ഉഷ്ണതരംഗം തുടരുകയാണ്. വരും ദിവസങ്ങളില്‍ ചൂട് എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
കാലിഫോര്‍ണിയ, നെവാഡ, അരിസോണ, ടെക്സസ്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച താപനില 45 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച പ്രവചനത്തില്‍ പറയുന്നു. വരും ആഴ്ചയില്‍ താപനില 54.4 ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അരിസോണയിലെയും നെവാഡയിലെയും ചില പ്രദേശങ്ങളിലും ഫീനിക്സിലും ലാസ് വെഗാസിലും ഇതുവരെ രേഖപ്പെടുത്തിയ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കപ്പെടുമെന്നാണ് പ്രവചനം.
അതെസമയം തെക്കന്‍ യൂറോപ്പില്‍ കടുത്ത ചൂട് തുടരുകയാണ്. ഇറ്റലിയിലെ 16 നഗരങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റോം, ഫ്ലോറന്‍സ്, ബൊലോഗ്ന എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ചൂട് നേരിടാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച ഗ്രീസില്‍ 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. വനങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യതയും ഗ്രീസ് അധികൃതരും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ, ബ്രിട്ടനില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
