യെല്ലോ നൈഫ് : നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ പടർന്നു പിടിച്ച കാട്ടുതീ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് ഊർജ, പ്രകൃതിവിഭവ മന്ത്രി ജോനാഥൻ വിൽക്കിൻസൺ പറഞ്ഞു. ഒഴിപ്പിക്കൽ ഉത്തരവുകൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെങ്കിലും, ഒഴിപ്പിച്ച ആളുകളുടെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികൾ നോർത്ത് വെസ്റ്റ് ടെറിറ്ററീസ് അധികൃതരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ജോനാഥൻ വിൽക്കിൻസൺ അറിയിച്ചു.
യെല്ലോ നൈഫിൽ കനേഡിയൻ സായുധ സേനയിലെ ഉൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നഗരം ഒഴിപ്പിക്കൽ ഉത്തരവിലാണെങ്കിലും തലസ്ഥാന നഗരമായ യെല്ലോ നൈഫിൽ നിന്നും 1,600 പേരെ കൂടി ഒഴിപ്പിക്കാൻ അവശേഷിക്കുന്നുണ്ടെന്നും മേയർ റെബേക്ക അറ്റ്‌ലി അറിയിച്ചു. നഗരത്തിൽ തുടരുന്ന താമസക്കാരെ ഒഴിപ്പിക്കുന്നതിന് ഹൈവേ തുറന്നിട്ടുണ്ട്. ഫ്ലൈറ്റുകൾ ഇപ്പോഴും ലഭ്യമാണെന്നും റെബേക്ക അറ്റ്‌ലി പറഞ്ഞു. കാട്ടുതീ വീണ്ടും ഭീഷിണി ഉയർത്തിയാൽ തീപിടിത്തം പ്രതിരോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിനാൽ ജനങ്ങളെ ഒഴിപ്പിക്കുന്നത് ദുഷ്കരമാകുമെന്നും അവർ വ്യക്തമാക്കി.
