വിക്ടോറിയ : കാട്ടുതീ, വരൾച്ച എന്നിവയിൽ നിന്നുള്ള അപകടസാധ്യത പരിഗണിച്ച്, പ്രവിശ്യാ വ്യാപകമായ അടിയന്തരാവസ്ഥ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ പ്രഖ്യാപിച്ചു.
പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കാട്ടുതീ നിയന്ത്രിക്കാൻ മഴ സഹായിച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്‌ചകളിലെ വരൾച്ച പരിഹരിക്കാൻ ആവിശ്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എമർജൻസി മാനേജ്‌മെന്റ് മിനിസ്റ്റർ ബോവിൻ മാ പറഞ്ഞു. ബിസിയിൽ കാട്ടുതീ കാരണം 4,200 പേർ ഒഴിപ്പിക്കൽ ഉത്തരവിൽ തുടരുകയാണെന്നും 65,000 പേർ ഒഴിപ്പിക്കൽ ജാഗ്രതയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

കാട്ടുതീയുടെ ഭീഷണി പ്രാധാന്യമർഹിക്കുന്നതായും പ്രത്യേകിച്ച് വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥിതി രൂക്ഷമാണെന്നും ബോവിൻ മാ പറഞ്ഞു. തീപിടിത്തം കൂടുതൽ വഷളാക്കാൻ താപനില കാരണമാകുമെന്നും ബോവിൻ മാ വ്യക്തമാക്കി.
