ന്യൂഡൽഹി : പഞ്ചാബ്, ഉത്തരാഘണ്ഡ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നപ്പോൾ വിജയങ്ങൾക്കൊപ്പമോ അതിലേക്കാളധികമോ പരാജയങ്ങളും ശ്രദ്ധേയമായി. നിലവിലെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും മറ്റ് ശക്തരായ നേതാക്കളും ഇത്തവണ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഉത്തരാഘണ്ഡിൽ നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്കർ സിങ് ധാമിയാണ് തോറ്റ പ്രമുഖരിൽ ഒരാൾ. 70 സീറ്റുള്ള ഉത്തരാഘണ്ഡിൽ 48 സീറ്റുകൾ നേടിക്കൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലേക്കെത്തുന്നത്. ഈ വിജയത്തിനിടയിലും പുഷ്കർ സിങ് ധാമിയുടെ പരാജയം പാർട്ടിയുടെ പ്രകടനത്തിൽ മങ്ങലുണ്ടാക്കി.
ഖാതിമ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ധാമിയെ കോൺഗ്രസ് സ്ഥാനാർത്ഥി ഭുവൻ ചന്ദ്ര കാപ്രി 6,579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്താണ് ഉത്തരാഘണ്ഡിൽ തോറ്റ മറ്റൊരു പ്രമുഖൻ. ലാൽഖ്വയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച റാവത്ത് ബിജെപിയുടെ മോഹൻ സിങ് ബിഷ്ടിനോടാണ് പരാജയപ്പെട്ടത്. 17, 527 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോഹൻ സിങ് ബിഷ്ടിന്റെ ജയം. സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് ഹരീഷ് റാവത്തായിരുന്നു.
പഞ്ചാബ് തിരഞ്ഞെടുപ്പ് ഒട്ടേറെ വമ്പൻമാരുടെ വീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി ചരൺജീത് സിങ് ചാന്നി, പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു, കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ബിജെപി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവർ പഞ്ചാബിൽ പരാജയപ്പെട്ടു. നാല് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലും ഇത്തവണ തോറ്റു.
മുഖ്യമന്ത്രി ചന്നി കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാംകൗർ സാഹിബ്, ഭദൗർ എന്നീ രണ്ട് സീറ്റിൽ നിന്ന് ജനവിധി തേടിയെങ്കിലും രണ്ട് സീറ്റിലും പരാജയപ്പെടുകയായിരുന്നു.
ബദൗറിൽ ആം ആദ്മി പാർട്ടിയുടെ ലഭ് സിംഗ് ഉഗോകെ 57,000 വോട്ടുകൾ നേടിയപ്പോൾ ചന്നിക്ക് 23,000 വോട്ടുകൾ ലഭിച്ചു. ഭദൗർ സീറ്റിൽ ചന്നിക്ക് ഏകദേശം 50,000 വോട്ടുകൾ ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ചരൺജിത് സിംഗ് 54,000-ത്തിലധികം വോട്ടുകൾ നേടി വിജയിച്ചു.
“പഞ്ചാബിലെ ജനങ്ങളുടെ വിധി ഞാൻ വിനയപൂർവ്വം അംഗീകരിക്കുകയും ആം ആദ്മി പാർട്ടിയെയും അവരുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഭഗവന്ത് മാൻ ജിയെയും വിജയത്തിന് അഭിനന്ദിക്കുകയും ചെയ്യുന്നു. അവർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പരാജയത്തിന് ശേഷം ചന്നി ട്വീറ്റ് ചെയ്തു.
അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ജീവൻജ്യോത് കൗറിനോട് പരാജയപ്പെട്ടു. 39,679 വോട്ടുകൾ നേടിയാണ് കൗർ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള സിദ്ദു 32,929 വോട്ടുകൾ നേടി.
പട്യാലയിൽ നിന്നാണ് അമരീന്ദർ സിങ് മത്സരിച്ചത്. എഎപിയുടെ അജിത് പാൽ സിങ് കോഹ്ലിയോടാണ് സിങ് പരാജയപ്പെട്ടത്.
ലംബി സീറ്റിൽ നിന്ന് മത്സരിച്ച പ്രകാശ് സിങ് ബാദൽ എഎപിയുടെ ഗുർമീത് സിങ് ഖുദിയാനോടാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി കൂടിയാണ് 94 വയസ്സുകാരനായ ബാദൽ. 11,396 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എഎപി സ്ഥാനാർത്ഥിയുടെ ജയം.
2022 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ ബാദൽ കുടുംബാംഗങ്ങളും അവരുടെ ശക്തികേന്ദ്രങ്ങളിൽ പരാജയപ്പെട്ടു. ബാദൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളെയും എഎപി സ്ഥാനാർത്ഥികൾ പരാജയപ്പെടുത്തി.
1992ലെ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ (എസ്എഡി) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോഴാണ് ഇതിനു മുൻപ് ബാദലുകൾ നിയമസഭയിൽ എത്താതിരുന്നത്.