കീവ് : റഷ്യൻ നിയന്ത്രിത പ്രദേശങ്ങളായ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിൽ നിന്ന് 2,389 യുക്രൈനിയൻ കുട്ടികളെ “നിയമവിരുദ്ധമായി” റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രെയ്നിന്റെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കീവിലെ യുഎസ് എംബസി പറഞ്ഞു. “ഇത് സഹായമല്ല. ഇത് തട്ടിക്കൊണ്ടുപോകലാണ്,” എംബസി ഒരു ട്വീറ്റിൽ പറഞ്ഞു.
റഷ്യ പിന്മാറിയാൽ നാറ്റോ അംഗത്വനീക്കം ഉപേക്ഷിക്കാമെന്ന് യുക്രൈൻ
അധിനിവേശത്തില്‍നിന്നു റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ആവശ്യം ഉപേക്ഷിക്കാന്‍ തയാറാണെന്നു യുക്രൈന്‍. ”വെടിനിര്‍ത്തല്‍, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കല്‍, യുക്രൈന്റെ സുരക്ഷ സംബന്ധിച്ച ഉറപ്പ് എന്നിവയ്ക്കു പകരമായി നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തങ്ങളുടെ പ്രതിബദ്ധത ചര്‍ച്ച ചെയ്യാന്‍ തയാറാണ്,” യുക്രൈന്‍ പ്രസിഡന്റ് വോളോഡമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ച നടത്താനാകില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു.
മരിയോപോളിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് യുക്രൈൻ
ഉപരോധിക്കപ്പെട്ട തെക്കന്‍ നഗരമായ മരിയോപോളിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യാനും അവിടെനിന്നു സാധാരണക്കാരെ വിട്ടുപോകാനും അനുവദിക്കണമെന്ന് റഷ്യയോട് യുക്രൈന്റെ പുതിയ അഭ്യര്‍ഥന.
”സിവിലിയന്‍മാര്‍ക്കായി മനുഷ്യത്വപരമായ ഒരു ഇടനാഴി തുറക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,” ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് യുക്രൈനിയന്‍ ടെലിവിഷനിലൂടെ അഭ്യര്‍ഥിച്ചു. പറഞ്ഞു. തെക്കന്‍ നഗരമായ ഹെര്‍സണിലെ നിവാസികളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതും റഷ്യന്‍ സേന തടയുകയാണെന്നും വെരേഷ്ചുക്ക് പറഞ്ഞു.
മരിയോപോളിൽ പോരാട്ടം രൂക്ഷം, കീവിന്റെ പ്രാന്തപ്രദേശം തിരിച്ചുപിടിച്ച് യുക്രൈൻ
ആയുധം വച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം യുക്രൈൻ സൈന്യം നിരസിച്ചതോടെ മരിയോപോളിൽ പോരാട്ടം രൂക്ഷമായി. മരിയോപോള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം തുടരുകയാണ്. അസോവ് നഗരത്തിൽ 400 പേർ അഭയം പ്രാപിച്ചിരുന്ന ആർട്ട് സ്‌കൂൾ കെട്ടിടം ബോംബാക്രമണത്തിൽ തകർന്നു.
തന്ത്രപ്രധാനമായ കീവ് നഗരത്തിന്റെ പ്രാന്തപ്രദേശമായ മകാരിവില്‍നിന്ന് റഷ്യന്‍ സൈന്യത്തെ കടുത്ത യുദ്ധത്തിനൊടുവില്‍ തുരത്തിയതായി യുക്രൈനിയന്‍ സൈന്യം അറിയിച്ചു. പ്രധാന ഹൈവേയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനും വടക്കു പടിഞ്ഞാറുനിന്ന് കീവിനു ചുറ്റും റഷ്യന്‍ സൈന്യത്തെ തടയാനും യുക്രൈന്‍ സൈന്യത്തിനു സാധിച്ചതായാണു അവര്‍ പറയുന്നത്.
കീവിനുവേണ്ടി ആക്രമണം ശക്തമാക്കിയ റഷ്യന്‍ സൈന്യം മറ്റ് വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ ബുച്ച, ഹോസ്റ്റോമെല്‍, ഇര്‍പിന്‍ എന്നിവ ഭാഗികമായി പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അവയില്‍ ചിലത് കഴിഞ്ഞ മാസം അവസാനം റഷ്യന്‍ സൈന്യം അധിനിവേശം ആരംഭിച്ചതു മുതല്‍ ആക്രമണത്തിനിരയായിരുന്നു.
3.5 ദശലക്ഷത്തിലധികം പേർ പലായനം ചെയ്തതായി യുഎന്‍ ഏജൻസി
റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈനില്‍നിന്നു 3.5 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി.
കീവ് മേഖലയില്‍ ആക്രണം രൂക്ഷമായ സാഹചര്യത്തില്‍ ബോറിസ്പില്‍ നഗരം വിടാന്‍ സിവിലിയന്മാരോട് മേയര്‍ വോളോഡിമര്‍ ബോറിസെങ്കോ അഭ്യര്‍ഥിച്ചു. കീവ് മേഖലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള യുക്രൈന്‍ നഗരമാണു ബോറിസ്പില്‍.