തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച (ആഗസ്റ്റ് 23) മുതല്‍ ആരംഭിക്കും. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. തുണിസഞ്ചി അടക്കം 14 ഇനങ്ങളാണ് കിറ്റിലുള്ളത്. സെപ്റ്റംബര്‍ 7 വരെ കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് റേഷൻകാർഡ് ഉടമകൾക്കായി തയ്യാറാക്കുന്നത്. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്ത് പാക്കിംഗ് തുടരുകയാണ്. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ കിറ്റ് വാങ്ങാന്‍ അനുവദിക്കും.

ഓഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കുമുള്ള കിറ്റുകളാണ് വിതരണം ചെയ്യുക. വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വിതരണം ചെയ്യും. ഓരോ കിറ്റിനും 447 രൂപയാണ് ചെലവ് വരുന്നത്. റേഷന്‍കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്കാന് 400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കിറ്റ് നല്കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ 220 കോടി രൂപയാണ് അനുവദിച്ചത്.
ഇത്തവണ കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ കട വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പപ്പടത്തിനും ശർക്കയ്ക്കും പകരം ഇത്തവണ മിൽമ നെയ്യും കശുവണ്ടിയുമാണ് ലഭിക്കുക.
